കേരളാ ഗവര്‍ണര്‍ ഷീലാദീക്ഷിതിനെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ തെറ്റില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഷീലാ ദീക്ഷിത് ഗവര്‍ണറായി വരുന്നുണ്ട്. അതിനാല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആറുമണിക്കു മുമ്പ് വീട്ടില്‍ കയറിക്കോളൂ എന്നാണ് ഞാന്‍ പോസ്റ്റിട്ടത്. അതിനെ പോസിറ്റീവായി എടുക്കണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യാത്തതുകൊണ്ടാണ് പ്രതികരിക്കേണ്ടിവരുന്നതെന്നും റിമ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമാക്കാര്‍ സിനിമയെക്കുറിച്ചു മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്നു പറയുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങളില്‍ എന്തിന് അഭിപ്രായം പറയുന്നു? നിങ്ങള്‍ക്ക് അഭിനയിച്ചാല്‍ പോരേ? എന്നൊക്കെ പലരും എന്നോടു ചോദിച്ചിട്ടുണ്ട്. മിണ്ടാതിരിക്കുകയല്ല കലാകാരന്റെ ധര്‍മ്മം. സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം സിനിമാക്കാരനുമുണ്ട്. കമ്യൂണിസത്തിന്റെ നല്ല ഭാഗങ്ങള്‍ പഠിച്ചത് ആഷിക്കില്‍ നിന്നാണ്. സിനിമയ്‌ക്കൊപ്പം രാഷ്ട്രീയവും തങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും റിമ പറഞ്ഞു.
പുതിയ ചിത്രമായ 'ഗ്യാംഗ്‌സ്റ്റര്‍' പരാജയപ്പെട്ടത് തിരക്കഥയിലെ പാളിച്ച കൊണ്ടാണെന്ന് സംവിധായകന്‍ ആഷിക്അബു പറഞ്ഞു. ഒരുപാട് പ്രതീക്ഷയുള്ള സിനിമയായിരുന്നു അത്. ആദ്യസിനിമയായ 'ഡാഡികൂള്‍' കഴിഞ്ഞയുടനെയാണ് മമ്മുക്കയോട് ഇത്തരമൊരു പ്രൊജക്ടിനെക്കുറിച്ചു പറഞ്ഞത്. പക്ഷെ സിനിമയാവാന്‍ നാലുവര്‍ഷമെടുത്തു. ഹോം പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചത്. ഞങ്ങളുടെ ഫുള്‍ടീമുണ്ടായിരുന്നു പ്രൊഡക്ഷനില്‍ ശ്രദ്ധിക്കാന്‍. ലാഭക്കണ്ണോടെയല്ല ഈ സിനിമ നിര്‍മ്മിച്ചത്. ഒരാഗ്രഹം കൊണ്ടാണ്. റിലീസാവുന്നതിനു മുമ്പുതന്നെ തിരക്കഥയുടെ കാര്യത്തില്‍ ചിലര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. വലിയ പ്രൊജക്ടായതിനാല്‍ ടെന്‍ഷനും കൂടുതലായി. വലിയ സിനിമകള്‍ ചെയ്യുമ്പോള്‍ ആളുകളുടെ പ്രതീക്ഷയും വലുതാവും. ആ പ്രതീക്ഷയ്‌ക്കൊത്ത് ഗ്യാംഗ്‌സ്റ്റര്‍ ഉയര്‍ന്നില്ല. അതുകൊണ്ടാവണം ചിലര്‍ വിമര്‍ശിക്കുന്നത്.
'സാള്‍ട്ട് ആന്റ് പെപ്പര്‍' എന്ന സിനിമയ്ക്ക് പോസ്റ്റര്‍ അടിക്കാന്‍ പോലും കാശില്ലായിരുന്നു. അങ്ങനെ വന്നപ്പോഴാണ് പോസ്റ്റര്‍ ഫേസ്ബുക്കിലിട്ടത്. അപ്പോള്‍ നിര്‍മ്മാതാവ് എന്നോടു പറഞ്ഞു.
''ഫേസ്ബുക്കിലിട്ടാല്‍ അഞ്ചായിരം പേര്‍ കാണുമായിരിക്കും. അവരല്ലല്ലോ സിനിമയുടെ ഭാവി നിര്‍ണ്ണയിക്കുന്നത്.''
പക്ഷെ തിരിച്ചാണ് സംഭവിച്ചത്. ഫേസ്ബുക്ക് ആ സിനിമയുടെ വിജയത്തില്‍ നല്ല പങ്കുവഹിച്ചു. പത്രപ്പരസ്യത്തില്‍ ബാബുരാജിന്റെ ഫോട്ടോ കൊടുക്കാന്‍ പോലും നിര്‍മ്മാതാവ് സമ്മതിച്ചില്ല. പുതിയ കാര്യങ്ങള്‍ സിനിമയിലൂടെ പറഞ്ഞപ്പോള്‍ അതിന് നല്ല മൗത്ത് പബ്ലിസിറ്റി ലഭിച്ചു.
'22 ഫീമെയില്‍ കോട്ടയം' എന്ന സിനിമ യാഥാര്‍ത്ഥ്യമായത് ഫഹദും റിമയും അതില്‍ അഭിനയിക്കാന്‍ തയ്യാറായതുകൊണ്ട് മാത്രമാണ്. 'ചാപ്പാകുരിശി'നുശേഷം ഫഹദ് ശ്രദ്ധിക്കപ്പെട്ട സമയമായിരുന്നു അത്. 22 എഫ്.കെയിലെ വേഷം തന്റെ കരിയറിന് ദോഷമാകുമോയെന്ന് ഫഹദ് ഭയപ്പെട്ടിരുന്നു. ആ സിനിമയില്‍ രണ്ടുപേരും മത്സരിച്ചാണ് അഭിനയിച്ചത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് വല്ലാത്തൊരു പിരിമുറുക്കമുണ്ടായിരുന്നു. ഓരോ ഘട്ടത്തിലും ഫഹദിനെ ഞാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ന്യൂജനറേഷന്‍ സിനിമ എന്നൊരു വിഭാഗമില്ല. മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണത്. ഓരോ കാലത്തും സിനിമ മാറിക്കൊണ്ടിരിക്കും. ഇനിയും സിനിമ മാറും. പുതുമുഖങ്ങള്‍ വരും. ആ തരംഗം ഒരിക്കലും അവസാനിക്കില്ല. ഞാനൊരു ഇടതുപക്ഷക്കാരനാണ്. കോളജില്‍ പഠിക്കുന്നതു മുതല്‍ രൂപപ്പെടുത്തിയതാണത്. അതു തുറന്നുപറയാന്‍ എനിക്കു മടിയില്ല. എല്ലാവരും പൊളിറ്റിക്കലാവണം. പ്രത്യേകിച്ചും അരാഷ്ട്രീയത ശക്തിപ്പെടുന്ന ഇക്കാലത്ത്.
എന്റെയും റിമയുടെയും വിവാഹസല്‍ക്കാരത്തിന്റെ പണം എറണാകുളം ഗവ.ആശുപത്രിക്ക് സംഭാവന ചെയ്തത് പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നില്ല. ഇക്കാര്യം അടുത്ത സുഹൃത്തായ പി.രാജീവിനോടാണ് ആദ്യം പറഞ്ഞത്.
''ഇക്കാര്യം രഹസ്യമായി വച്ചാല്‍ പോര. പരസ്യമാക്കണം. മറ്റുള്ളവര്‍ക്കും ഇതൊരു പ്രേരണയാവട്ടെ.''
അതുകൊണ്ടാണ് പത്രമാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഇക്കാര്യം പരസ്യപ്പെടുത്തിയതെന്നും ആഷിക് അബു വ്യക്തമാക്കി.
Comments