You are Here : Home / വെളളിത്തിര

കണ്ടുപഠിക്കേണ്ടത് ലാലിന്റെ ലാളിത്യം

Text Size  

Story Dated: Thursday, May 21, 2015 05:47 hrs UTC

മോഹന്‍ലാലില്‍ ഞാനിഷ്ടപ്പെടുന്ന ഒരുപാടു ഗുണങ്ങളുണ്ട്. അതില്‍ പ്രധാനം ലാളിത്യമാണ്. സൂപ്പര്‍സ്റ്റാര്‍ പദവിയിലിരിക്കുന്ന നടനായിരുന്നിട്ടും അതൊന്നും തന്നെ ബാധിക്കില്ലെന്ന രീതിയിലാണ് പെരുമാറ്റം. കഴിഞ്ഞ കുറെക്കാലമായി ലാലിന്റെ ന്യൂ ഇയര്‍ ആഘോഷം കോഴിക്കോട് കോരപ്പുഴയുടെ തീരത്തുള്ള എന്റെ വീട്ടിലായിരുന്നു. രാത്രി പത്തു മണിയാവുമ്പോള്‍ എനിക്ക് പള്ളിയില്‍ പോകണം. തിരിച്ചുവരുമ്പോള്‍ ഒരു മണിയാവും. പത്തു മണിക്കുശേഷം  വരുന്ന അതിഥികളെ സ്വീകരിക്കാനുള്ള ചുമതല ലാലിനെ ഏല്‍പ്പിച്ചാണ് ഞാന്‍ പോവുക. ലാല്‍ അതു ഭംഗിയായി നിര്‍വഹിക്കും. എല്ലാവര്‍ക്കും ഭക്ഷണം എടുത്തുകൊടുക്കുക ലാലായിരിക്കും. മാത്രമല്ല, കാലിയായ പ്ലേറ്റ് വാങ്ങിച്ച് വേസ്റ്റ് ബാസ്‌കറ്റിലിടുന്നത് ലാലാണ്. ഇതു കാണുമ്പോള്‍ മറ്റുള്ളവര്‍ക്കും ചമ്മലാണ്. ലാല്‍ ചെയ്യേണ്ടെന്ന് എത്ര പറഞ്ഞാലും കാര്യമില്ല.
''ഇതൊന്നും ഒരു വിഷയമായി കാണേണ്ടതില്ല.''
എന്നു പറഞ്ഞുകൊണ്ട് കണ്ണിറുക്കിച്ചിരിക്കും.
മുപ്പതുവര്‍ഷത്തെ സൗഹൃദത്തിനിടയ്ക്ക് ഒരാളെപ്പോലൂം കുറ്റം പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. കുറ്റം പറയുന്നത് കേള്‍ക്കുന്നതും ഇഷ്ടമല്ല. എന്തു കേട്ടാലും കൂളായി മാനേജ് ചെയ്യും. ഒരു സിനിമ സൂപ്പര്‍ഹിറ്റാവുമ്പോള്‍ അമിതമായി സന്തോഷിക്കുകയും ഫ്‌ളോപ്പാവുമ്പോള്‍ ദുഃഖിക്കുകയും ചെയ്യുന്ന മനസല്ല, ലാലിന്റേത്. ഒരിക്കലും ടെന്‍ഷന്‍ ആ മുഖത്ത് ഞാന്‍ കണ്ടിട്ടില്ല. അടുത്തിരിക്കുമ്പോള്‍ നമ്മുടെ മനസും ഫ്രീ ആവും. ലാലില്‍ നിന്ന് ഞാന്‍ പഠിച്ചെടുത്തത് ഇത്തരം കാര്യങ്ങളാണ്.
ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതാണ് ശീലം. ഭക്ഷണക്കാര്യത്തില്‍ പോലും കുറ്റം പറയാറില്ല. തടി കുറക്കണമെന്നു പറഞ്ഞ് ഇടയ്ക്ക് ഭക്ഷണം കുറയ്ക്കുമെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞ് വീണ്ടും പഴയപടിയാവും. മീറ്റില്‍ മട്ടനോടാണ് പ്രിയം. എന്റെ വീട്ടില്‍ വരുമ്പോള്‍ ആദ്യം ചോദിക്കുന്നത് മീനിനെക്കുറിച്ചാണ്. പുഴവാളയുണ്ടെങ്കില്‍ നന്നായി കഴിക്കും. തിരുതയും ചെമ്പല്ലിയും വിടില്ല. ചിക്കനോടും ചെമ്മീനിനോടും വലിയ ഇഷ്ടമില്ല. എന്തു ഭക്ഷണം കഴിക്കുമ്പോഴും മുമ്പില്‍ അച്ചാര്‍ കാണണം. പലപ്പോഴും അച്ചാറുണ്ടാക്കി വീട്ടിലേക്കു കൊടുത്തുവിടുകയും ചെയ്യും.
വിദേശത്തുപോയി നല്ല സീ ഫുഡ്‌സ് കഴിക്കുമ്പോള്‍ ആദ്യം വിളിക്കുന്നത് എന്നെയാണ്.
''ബാബുച്ചായാ, അടിപൊളി ഫിഷ്‌ഫ്രൈയാണ് ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്നത്.''
എന്നൊക്കെപ്പറഞ്ഞ് അതിന്റെ രുചി ഷെയര്‍ ചെയ്യും.
ആരെയും വിശ്വസിക്കുന്ന കൂട്ടത്തിലാണ് ലാല്‍. അത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. നുണ പറയാന്‍ ലാലിന് അറിയില്ല. അതുപോലെ മറ്റുള്ളവരെയും കരുതുമ്പോഴാണ് കുഴപ്പം. ഇവിടെ വന്നാല്‍ മുണ്ടും ഷര്‍ട്ടുമേ ധരിക്കുകയുള്ളൂ. ഷര്‍ട്ട് മിക്കപ്പോഴും എന്റേതായിരിക്കും. അതിനൊന്നും ലാലിന് ഒരു മടിയുമില്ല.
കടലിനോടു ചേര്‍ന്നുള്ള വീടിനോടായിരുന്നു ലാലിന് താല്‍പര്യം. മദ്രാസിലെ ആദ്യത്തെ വീട് കടലിനടുത്തായിരുന്നില്ല. ഒരിക്കല്‍ ഇന്നസെന്റ് ഇവിടെ വന്നപ്പോള്‍ പറഞ്ഞു.
''ലാലിന് ഇതുപോലുള്ള വീടിനോടാണ് താല്‍പര്യം.''
കടലിനോടു ചേര്‍ന്നുള്ള വീടാണ് പിന്നീട് ചെന്നൈയില്‍ പണിതത്. കൊച്ചിയിലെ വീടും കായല്‍ക്കരയിലാണ്. സമയം കിട്ടുമ്പോഴൊക്കെ ലാലിന്റെ കൈയില്‍ പുസ്തകങ്ങളുണ്ടാവും. പലപ്പോഴും അത് ഒറ്റയിരിപ്പിനു തന്നെ വായിച്ചുതീര്‍ക്കുന്നത് കണ്ടിട്ടുണ്ട്. മാത്രമല്ല, ഓര്‍മ്മശക്തി അപാരമാണ്. ഇവിടെ വരുമ്പോള്‍ എന്റെ ഒരുപാടു സുഹൃത്തുക്കളെ പരിചയപ്പെടാറുണ്ട്. അവരുടെ കുടുംബകാര്യങ്ങള്‍ പോലും ലാലിന് മനഃപാഠമാണ്. പെയിന്റിംഗും പുരാവസ്തുക്കളുമാണ് മറ്റൊരു ക്രേസ്. ചില പെയിന്റിംഗുകളെക്കുറിച്ച് സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ അതിശയിച്ചുപോയിട്ടുണ്ട്. കോഴിക്കോട്ടു വരുമ്പോള്‍ പല പുരാവസ്തുക്കളും വീട്ടിലേക്കു കൊണ്ടുപോവാറുണ്ട്. അക്കൂട്ടത്തിലേക്ക് ഇവിടെയുണ്ടായിരുന്ന പഴയൊരു ഭരണിയും കൊടുത്തു. സഹോദരന്‍ പ്യാരിലാല്‍ മരിച്ചശേഷം ആ സ്ഥാനത്താണ് എന്നെ കണ്ടിരുന്നത്. ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പാടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കും ലാലിനുമുണ്ട്.
ലാലുമായുള്ള സൗഹൃദം വളര്‍ന്നപ്പോള്‍ ഞങ്ങളിരുവരും ഒരുപാടു ബിസിനസുകളില്‍ പങ്കാളികളായി. ലാല്‍ ബിസിനസിലേക്കു വന്നപ്പോള്‍ ഞാന്‍ സിനിമയുമായി സഹകരിച്ചു. മാക്‌സ്‌ലാബ് എന്ന വിതരണക്കമ്പനിയില്‍ ലാലിനൊപ്പം ഞാനുമുണ്ട്.
എപ്പോള്‍ വന്നാലും മോഹന്‍ലാലിനുവേണ്ടി എന്റെ വീടിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കും. ലാലിന് ജന്മദിനാശംസകള്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.