എല്ലാവരുമുണ്ടെന്ന തോന്നലാണിപ്പോള്‍ നടന്‍ ടി.പി.മാധവന്‍. പത്തനാപുരം ഗാന്ധിഭവനിലെ അനാഥര്‍ക്കൊപ്പം, അവരിലൊരാളായി നടന്നപ്പോള്‍ മലയാളത്തിന്റെ പ്രിയതാരം കൂടുതല്‍ സ്മാര്‍ട്ടായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംവിധായകന്‍ പ്രസാദ് നൂറനാടിനൊപ്പം മാധവന്‍ ഗാന്ധിഭവനിലെത്തിയത്. സ്‌ക്രീനില്‍ മാത്രം കണ്ടുപരിചയിച്ച നടനെ അന്തേവാസികളും ജീവനക്കാരും സന്തോഷത്തോടെ സ്വീകരിച്ചു. ഇനി ഇവര്‍ക്കൊപ്പമാണ് തന്റെ ജീവിതമെന്ന് 'അമ്മ'യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ മാധവന്‍ വ്യക്തമാക്കി.
മാസങ്ങള്‍ക്കു മുമ്പാണ് മാധവന്‍ സന്യസിക്കാനായി ഹരിദ്വാറിലേക്ക് പോയത്. എന്നാല്‍ അവിടെയുണ്ടായ അപകടത്തില്‍പെട്ട് അദ്ദേഹത്തിന് പരുക്കുപറ്റി. ഒരാഴ്ചയോളം അവിടെ ചികിത്സയിലായിരുന്നു. അതു കഴിഞ്ഞശേഷം തിരുവനന്തപുരത്തെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ഒരുമാസത്തോളം തുടര്‍ചികിത്സ. പിന്നീട് ഗാന്ധാരിയമ്മന്‍ കോവിലിനടുത്ത ചെറിയൊരു ലോഡ്ജില്‍ കഴിയുകയായിരുന്നു മാധവന്‍. ബന്ധുക്കളായിരുന്നു ആ സമയത്ത് അദ്ദേഹത്തെ സഹായിച്ചിരുന്നത്. സിനിമാക്കാരൊക്കെ വിളിച്ചെങ്കിലും ആരും ഒരു റോള്‍ പോലും നല്‍കിയില്ല. സിനിമ കിട്ടിയില്ലെങ്കില്‍ ഇനിയും താന്‍ ഹരിദ്വാറിലേക്ക് പോകുമെന്ന് നേരത്തെതന്നെ അദ്ദേഹം പറഞ്ഞിരുന്നു. ഒരു സീരിയലിലേക്ക് അണിയറപ്രവര്‍ത്തകര്‍ വിളിച്ചെങ്കിലും ഏറ്റവുമൊടുവില്‍ കാന്‍സല്‍ ചെയ്തു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ 'മാല്‍ഗുഡി ഡേയ്‌സി'ലാണ് ഒടുവില്‍ അദ്ദേഹം അഭിനയിച്ചത്.
സിനിമയും സിനിമാക്കാരും കൈവിട്ട സ്ഥിതിക്ക് ഇനി കേരളത്തില്‍ കഴിയുന്നതില്‍ അര്‍ഥമില്ലെന്ന് കരുതിയ മാധവന്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും ഹരിദ്വാറിലേക്കുള്ള ടിക്കറ്റെടുത്തത്. 'അമ്മ' നല്‍കുന്ന പെന്‍ഷന്‍ മാത്രമായിരുന്നു ഏക വരുമാനം. ലോഡ്ജിന്റെ വാടകയ്ക്കും ഭക്ഷണത്തിനും ആ പണം തികയില്ല. ബന്ധുക്കളെല്ലാം വലിയ നിലയിലാണെങ്കിലും അവര്‍ക്കു മുമ്പില്‍ കൈനീട്ടാന്‍ അഭിമാനിയായ അദ്ദേഹം ഒരുക്കവുമല്ല. ഈ സാഹചര്യത്തിലാണ് ഹരിദ്വാറിലേക്ക് പോകാമെന്ന് കരുതിയത്. യാദൃച്ഛികമായി സംവിധായകന്‍ പ്രസാദ് നൂറനാട് മാധവന്‍ താമസിക്കുന്ന ലോഡ്ജിലെത്തിയപ്പോള്‍ ഈ വിവരമറിഞ്ഞു. പെട്ടെന്ന് തീരുമാനമെടുക്കരുതെന്ന് പ്രസാദ് പറഞ്ഞെങ്കിലും മാധവന്റേത് ഉറച്ച തീരുമാനമായിരുന്നു. എങ്കിലും അഭിനയിക്കാന്‍ ചാന്‍സ് കിട്ടുകയാണെങ്കില്‍ അദ്ദേഹത്തെ സന്യാസത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന് പ്രസാദ് കരുതി. തന്റെ സുഹൃത്തുക്കളായ പലരോടും പ്രസാദ് ഇക്കാര്യം പറഞ്ഞെങ്കിലും ആരും സഹായിക്കാനെത്തിയില്ല. ഒടുവിലാണ് പത്തനാപുരം ഗാന്ധിഭവന്റെ കാര്യം പ്രസാദ് മാധവന്റെ ശ്രദ്ധയില്‍പെടുത്തിയത്. ഗാന്ധിഭവനില്‍ സമാധാനമായി കഴിയാമെന്ന് പ്രസാദ് നിര്‍ബന്ധിച്ചപ്പോള്‍ മാധവന് സമ്മതിക്കേണ്ടിവന്നു. അങ്ങനെയാണ് തിങ്കളാഴ്ച അദ്ദേഹത്തെ ഗാന്ധിഭവനിലെത്തിച്ചത്.
Comments