You are Here : Home / വെളളിത്തിര

ജ്യോതിര്‍മയി തിരക്കിലാണ്, സിനിമാ പ്രൊഡക്ഷനില്‍...

Text Size  

Story Dated: Saturday, May 28, 2016 09:06 hrs UTC




നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന് നടി ജ്യോതിര്‍മയി. അഭിനയം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ് താനെന്നും അവര്‍ വ്യക്തമാക്കി.

 ഭര്‍ത്താവും സംവിധായകനുമായ അമല്‍നീരദ് സംവിധാനം ചെയ്യുന്ന പുതിയ ദുല്‍ഖര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ജ്യോതിര്‍മയിയെ കണ്ടത്. ഷൂട്ടിംഗ് ആരംഭിച്ചതു മുതല്‍ ഇടയ്ക്കിടെ അവര്‍ ലൊക്കേഷനിലെത്താറുണ്ട്. കോട്ടയം, പാലാ ഭാഗങ്ങളിലാണ് ചിത്രീകരണം.


കഴിഞ്ഞ ദിവസം കോട്ടയം സി.എം.എസ് കോളജിലായിരുന്നു ഷൂട്ടിംഗ്. അവിടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ഓരോ കാര്യവും ശ്രദ്ധിക്കുന്നത് ജ്യോതിര്‍മയിയാണ്. അമല്‍നീരദിന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ 'അമല്‍നീരദ് പ്രൊഡക്ഷന്‍സാ'ണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല്‍ സംവിധാനത്തിന്റെ തിരക്കിലായതിനാല്‍ പ്രൊഡക്ഷന്റെ ചുമതല ജ്യോതിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.


സിനിമയുടെ ലൊക്കേഷന്‍ കണ്ടെത്തുന്നതും സ്‌ക്രിപ്റ്റ് ചര്‍ച്ചകളിലുമൊക്കെ ജ്യോതിയുടെ ഇടപെടലുകളുണ്ട്. സിനിമയില്‍ നിന്നുതന്നെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടിയതില്‍ സന്തോഷവാനാണെന്ന് അമല്‍ പറയുന്നു.

ഏറെ നാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. അതിന് രണ്ടുവര്‍ഷം മുമ്പുതന്നെ ജ്യോതിര്‍മയി അഭിനയം നിര്‍ത്തിയിരുന്നു.
മമ്മൂട്ടി നായകനായി അഭിനയിച്ച രഞ്ജിത് ചിത്രം 'ബ്ലാക്കി'ന്റെ ക്യാമറ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു അമല്‍ നീരദ് മലയാളത്തിലേക്ക് വന്നത്. ഹിന്ദി സംവിധായകന്‍ രാംഗോപാല്‍വര്‍മ്മയുടെ ശിഷ്യനായിരുന്നു. 'ബിഗ് ബി'യാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. 'പൈലറ്റ്‌സ്' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കുവന്ന ജ്യോതിര്‍മയി പതിമൂന്നുവര്‍ഷക്കാലം സിനിമയില്‍ സജീവമായിരുന്നു.


2004ല്‍ നിഷാന്ത്കുമാറിനെ വിവാഹം ചെയ്‌തെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. ഏഴുവര്‍ഷത്തിനുശേഷം വേര്‍പിരിഞ്ഞു.

അതിനുശേഷമാണ് അമലുമായി പ്രണയത്തിലാവുന്നത്. ഹൗസ്ഫുള്‍ എന്ന സിനിമയോടെയാണ് ജ്യോതിര്‍മയി അഭിനയം നിര്‍ത്തിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.