You are Here : Home / വെളളിത്തിര

ദിലീപ് കുടുങ്ങാൻ സാധ്യത

Text Size  

Story Dated: Friday, March 02, 2018 02:43 hrs UTC

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച്‌ നടന്‍ ദിലീപുള്‍പ്പെടെ പതിനാലു പ്രതികള്‍ക്കും സമന്‍സ് അയച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ.2017 ഫെബ്രുവരി പതിനേഴിനാണ് ഓടുന്ന വാഹനത്തില്‍ വച്ച്‌ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതോടെ ദിലീപിനെ ഒന്നാം പ്രതിയാക്കി വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍, മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിക്കാനുള്ള ദിലീപിന്റെ നീക്കത്തിനു തിരിച്ചടി കിട്ടിയതിനു പിന്നാലെ വിചാരണ റദ്ദാക്കാനുള്ള നീക്കം പ്രതിഭാഗം നടത്തിയിരുന്നു. ഇതു സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണു പുതിയ നടപടികള്‍.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യത്തിന്റെ പകര്‍പ്പ് തനിക്കു ലഭിക്കുംവരെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഇന്ത്യന്‍ തെളിവ് നിയമപ്രകാരം പ്രതിക്കു കുറ്റപത്രത്തിലെ എല്ലാ തെളിവുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. മെമ്മറി കാര്‍ഡ് നല്‍കുന്നപക്ഷം അത് ദിലീപ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ അപേക്ഷ നിരസിച്ചത്.

നേരത്തേ, കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടി സുനിക്കു ഇഷ്ട വിഭവങ്ങള്‍ എത്തിച്ചു നല്‍കിയത് വിവാദമായെങ്കിലും പോലീസ് ഒതുക്കിയിരുന്നു. സഹതടവുകാരനെതിരേ കേസെടുത്ത് മറ്റു വിവാദങ്ങള്‍ ഒഴിവാക്കാനാണു നീക്കം. സംഭവത്തെ കുറിച്ച്‌ വിശദാന്വേഷണം നടത്താന്‍ ജയില്‍ വകുപ്പ് നിര്‍ദേശിച്ചു. വിയ്യൂര്‍ ജയിലില്‍ നടിയെ ഉപദ്രവിച്ച കേസില്‍ തടവിലുള്ള സുനില്‍കുമാറിനു ഉദ്യോഗസ്ഥര്‍ക്കു നല്‍കാന്‍ വെച്ച മീന്‍കറി അടിച്ചുമാറ്റി നല്‍കുകയായിരുന്നു. സംഭവത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വീഴ്ച്ചയുണ്ടായെന്നു പരാതിയുണ്ട്.

ഏതാനും തടവുകാര്‍ ഇതു ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ക്കു പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നു പരാതിയുണ്ട്. കൂടുതല്‍ അന്വേഷണം വേണമെന്ന് ഒരുസംഘം തടവുകാര്‍ ആവശ്യപ്പെടുന്നു. അടുക്കളയുടെ ചുമതലയുണ്ടായിരുന്ന തടവുകാരനാണ് സുനിക്കു മീന്‍കറി അഴികള്‍ക്കിടയിലൂടെ ഒളിച്ചു കടത്തിയത്. ഇതു പലപ്പോഴും നടന്നുകൊണ്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഹഷീഷ് ഒളിച്ചു കടത്തുന്ന കേസില്‍ കുടുങ്ങിയ ഇയാളെ അടുക്കള ചുമതലയില്‍ നിന്നു നീക്കി. അടുക്കളയുടെ അടുത്തുതന്നെയുള്ള സെല്‍ സുനിക്കു നല്‍കിയതും യാദൃശ്ഛികമല്ലെന്നാണ് സൂചന.

ജയിലില്‍ തടവുകാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധുക്കളുടെ കൈയില്‍ നിന്നു തുക ഈടാക്കുന്നതായി മുമ്ബേ ആക്ഷേപമുണ്ട്. അതു ശരിവെക്കുന്ന വിധത്തിലാണ് സുനിയുടെ ഭക്ഷണസൗകര്യം പുറത്തുവന്നത്. 'വി.ഐ.പി' തടവുകാര്‍ക്ക് ചോദിച്ചതെന്തും നല്‍കുന്നതാണ് ഇവിടുത്തെ രീതി. സുനിയുടെ അഭിഭാഷകന്റെ സുഹൃത്താണ് ഇക്കാര്യത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതെന്നു പറയുന്നു. ഒരുമാസം മുമ്ബ് ഇരുവരുടെയും അഭിഭാഷകര്‍ ജയിലില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകന് എതിരേ കേസ് എടുക്കാനുള്ള നീക്കവും പോലീസ് നടത്തുന്നു. പ്രേരണാകുറ്റം നിലനില്‍ക്കുമോ എന്നാണ് മുഖ്യമായും ആരായുന്നത്.

ജയിലില്‍ തടവുകാര്‍ക്ക് സൗകര്യങ്ങള്‍ അധികമായി നല്‍കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും ഉദ്യോഗസ്ഥര്‍ക്കിടയിലും തര്‍ക്കമുണ്ടാകാറുണ്ട്. ഇതു വലിയ ചര്‍ച്ചയാകാതെ ഒതുക്കുകയാണ് പതിവ്. ചില സന്ദര്‍ശകരെത്തുമ്ബോള്‍ സുനിക്കു ജയിലില്‍ പ്രത്യേക സ്ഥലത്ത് കൂടിക്കാഴ്ച്ച അനുവദിക്കുന്നതായി പറയുന്നു. ഇത് പല തടവുകാരിലും മുറുമുറുപ്പുണ്ടാക്കി. തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരേ മുറിയില്‍ ഭക്ഷണം തയാറാക്കണമെന്നാണ് ചട്ടം. എന്നാല്‍ പാചകരീതിയില്‍ മാറ്റമുണ്ടാകാറുണ്ട്. തടവുകാര്‍ക്ക് മീന്‍കറി നല്‍കുമ്ബോള്‍ ചാറും മീനും വെവ്വേറെയാണ് നല്‍കുന്നത്. മീന്‍ അതില്‍ ഉടഞ്ഞുചേര്‍ന്നുവെന്ന പരാതി വരാതിരിക്കാനാണ് ഇത്. എന്നാല്‍ രണ്ടു ഘട്ടമായി നല്‍കുമ്ബോള്‍ രുചി കുറയും. ഉദ്യോഗസ്ഥര്‍ക്ക് ശരിയായ വിധത്തില്‍ തയാറാക്കിയ മീന്‍കറിയാണ് നല്‍കുക. അതിനു സ്വാദേറും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.