തമിഴ് സിനിമാ മേഖലയിലെ ആണ്‍ മേല്‍ക്കൊയ്മക്കെതിരെ തുറന്നടിച്ച്‌് ആന്‍ഡ്രിയ ജെറമിയ. എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ തുറന്നടിച്ചു. മേനിപ്രദര്‍ശനം നടത്താനും അരക്കെട്ട് ഇളക്കാന്‍ മാത്രമല്ല തനിക്ക് അഭിനയിക്കാനും അറിയാമെന്നും തനിക്ക് വേണ്ടിയും റോളുകള്‍ എഴുതണമെന്നും ചെന്നൈയിലെ ജെപ്പിയാര്‍ കോളജില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ആന്‍ഡ്രിയ പറഞ്ഞു.
ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ പേരുകള്‍ ചോദിച്ചാല്‍ അതില്‍ പുരുഷ താരങ്ങള്‍ മാത്രമാണ് ഉണ്ടാവുക. ചലച്ചിത്ര മേഖലയില്‍ നല്ലൊരു കഥാപാത്രം ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്.
സെക്സിയായ കഥാപാത്രത്തിനൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാനും എനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ നമ്മുടെ സംവിധായകര്‍ക്ക് സ്ത്രീകള്‍ക്ക് നല്ല റോളുകള്‍ നല്‍കുന്നതിനോട് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്.
സ്ത്രീ ശരീരത്തെ വില്‍പന ചരക്കാക്കാന്‍ സിനിമാ മേഖല ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു. ചുംബന സീനില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിയ്ക്ക് പിന്നെ റോളുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആന്‍ഡ്രിയ പറഞ്ഞു.
ബോളിവുഡില്‍ അഭിനേത്രിമാര്‍ക്ക് മികച്ച വേഷങ്ങള്‍ ലഭിക്കുന്നുണ്ടെല്ലോയെന്ന് ചോദ്യകര്‍ത്താവ് ചോദിച്ചപ്പോള്‍ അവരുടെയെല്ലാം തുടക്കം എങ്ങനെയെന്നായിരുന്നെന്ന് ഓര്‍ക്കണമെന്നായിരുന്നു ആന്‍ഡ്രിയയുടെ മറുപടി.
ഇപ്പോഴുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വേഷങ്ങള്‍ ചെയ്തതിന് ശേഷമാണ് നയന്‍താരയ്ക്ക് പോലും തമിഴില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചതെന്നും ആന്‍ഡ്രിയ ചൂണ്ടിക്കാണിച്ചു. ഞാന്‍ എന്താണോ അതാണ് സുന്ദരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ പല സൗന്ദര്യ സങ്കല്‍പങ്ങളുടെ പിന്നാലെ പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അവര്‍ വിശദമാക്കി.
റാം സംവിധാനം ചെയ്ത തരമണി സൂപ്പര്‍ഹിറ്റായിരുന്നു. പക്ഷെ, അതിന് ശേഷം എനിക്ക് ഒരു സിനിമ പോലും സൈന്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. വിജയ്ക്കൊപ്പമോ മറ്റോ ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ ഭാഗമായ നായികയ്ക്ക് പിന്നെ സൈനിങുകളുടെ ബഹളമായിരിക്കുമെന്നും ആന്‍ഡ്രിയ തുറന്നടിച്ചു.
ഏത് നായകനൊപ്പമാണ് അഭിനയിച്ചത് എന്നത് അനുസരിച്ചാണ് ഒരു നായികയുടെ സക്സസ് വിലയിരുത്തുന്നതെന്നും സ്വന്തമായി അവള്‍ ചെയ്യുന്ന ജോലിക്ക് ആരും വിലമതിക്കുന്നില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു.
Comments