You are Here : Home / വെളളിത്തിര

സെൽഫിയെടുക്കാൻ ശ്രെമിച്ച അനൂപിനും പണി കിട്ടി

Text Size  

Story Dated: Saturday, May 05, 2018 01:34 hrs UTC

ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വീകരിക്കാന്‍ ഡെല്‍ഹിയിലെത്തിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിനെ തടയുകയും എടുത്ത ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. യുവാവിനോടുള്ള യേശുദാസിന്റെ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. 

യേശുദാസിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെ, ഒരു വര്‍ഷം മുമ്ബ് അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അനൂപ് വര്‍ഗീസ് എന്ന യുവാവിന്റെ പോസ്റ്റ് വൈറലാകുകയാണ്. 

ദുബൈ വിമാനത്താവളത്തില്‍ വച്ച്‌ യേശുദാസിനെ കണ്ടപ്പോഴാണ് ഫോട്ടോയെടുക്കാനുള്ള ആഗ്രഹം താന്‍ പ്രകടിപ്പിച്ചത്. എന്നാല്‍ സെല്‍ഫിയെടുക്കേണ്ടെന്നും ഒരുമിച്ചുള്ള ഫോട്ടോയാണെങ്കില്‍ എത്ര വേണമെങ്കിലുമാകാം എന്നുമായിരുന്നു യേശുദാസിന്റെ മറുപടിയെന്നും അനൂപ് പറയുന്നു. 

അനൂപിന്റെ പോസ്റ്റ് ഇങ്ങനെ;

സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത യേശുദാസ് വിവാദത്തില്‍ പെട്ടിരിക്കുന്ന സാഹചര്യത്തില്‍ യേശുദാസിനോടൊപ്പം ചിത്രം എടുത്തിട്ടുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ എന്റെ അനുഭവം പങ്കുവെക്കാം.

ഒരു വര്‍ഷം മുന്‍പ് ദുബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഞാന്‍ യേശുദാസിനെ കണ്ടുമുട്ടിയത് . യാത്ര സുഖമായിരുന്നോ എന്ന് ചോദിച്ചതിനു ശേഷം കൂടെ നിന്ന് ഫോട്ടോ എടുക്കാനുള്ള എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു . എത്ര ചിത്രങ്ങള്‍ വേണമെങ്കിലും എടുത്തോ പക്ഷേ സെല്‍ഫി വേണ്ട എന്ന് യേശുദാസ് പറഞ്ഞു. അതിന്റെ കാരണം തിരക്കിയ എന്നോട് യേശുദാസ് ഇങ്ങനെയാണ് പറഞ്ഞത് :

മനുഷ്യര്‍ സമൂഹ ജീവികളാണ്. നമുക്ക് നമ്മുടെ സഹജീവികളുടെ സഹായവും സഹകരണവും ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല . ഇന്നത്തെ തലമുറ അതിനൊന്നും ശ്രമിക്കാതെ ഓരോ തുരുത്തുകളായി ജീവിക്കുകയാണ് . ഒരു ഫോട്ടോ എടുക്കാന്‍ പോലും അവര്‍ ആരുടേയും സഹായം തേടാറില്ല. അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല .

വിമാനത്താവളത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല . അതുകൊണ്ട് കുറച്ചു നേരം കാത്തു നിന്നതിന് ശേഷമാണ് ഫോട്ടോ എടുക്കാന്‍ ഒരാളെ കിട്ടിയത് . യേശുദാസ് തന്നെയാണ് ആളോട് ഒരു ഫോട്ടോ എടുക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞത് . ഫോട്ടോ എടുത്തതിനു ശേഷം കാല്‍ നൂറ്റാണ്ട് മുന്‍പ് ഞാന്‍ കോളജില്‍ പഠിക്കുമ്ബോള്‍ ദാസേട്ടന്റെ തോളില്‍ കൈ ഇട്ടെടുത്ത ചിത്രം കാണിച്ചപ്പോള്‍ ദാസേട്ടന്‍ ചിരിച്ചു . പ്രശസ്തരോ അപ്രശസ്തരോ ആരായാലും ശരി , കൂടെ നിന്ന് ഒരു ചിത്രം എടുക്കണമെങ്കില്‍ അനുവാദം ചോദിക്കണം എന്നാണ് എന്റെ പക്ഷം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.