മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോകള്‍ കുരുക്കിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയിലെ നിയമം അനുസരിച്ച് ലൈവ് സ്റ്റേജ് ഷോകളില്‍ പാടുമ്ബോള്‍ റെക്കോര്‍ഡ് ചെയ്ത് ട്രാക് ഉപയോഗിക്കാന്‍ പാടില്ല. അത്തരം സാഹചര്യങ്ങള്‍ അവിടുത്തെ ഉപഭോക്തൃ നിയമം അനുസരിച്ചു ആസ്വാദകരെ വഞ്ചിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ പരിപാടിക്കായി ടിക്കറ്റ് വാങ്ങിയവര്‍ക്ക് വേണമെങ്കില്‍ പണം തിരികെ ആവശ്യപ്പെടാം. സംഘാടകര്‍ അത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്.
എന്നാല്‍, പരിപാടി ഇങ്ങനെയായിരിക്കും എന്ന് ബുക്ക് ചെയ്തപ്പോള്‍ തന്നെ സംഘാടകരെ അറിയിച്ചിരുന്നതിനാല്‍ ഈ പ്രശ്നങ്ങള്‍ മോഹന്‍ലാലിനെയോ സംഘത്തെയോ ബാധിക്കില്ല. അത് മറച്ചു വച്ച് ലൈവ് ഷോയ്ക്ക് ടിക്കറ്റ് വിറ്റ സംഘാടകരാണ് ഇപ്പോള്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നത്. മുടക്കിയ പണം നഷ്ടപ്പെടുന്നത് മാത്രമല്ല കൂടുതല്‍ തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടി വരും എന്ന സ്ഥിതിയിലാണ് സംഘാടകര്‍.
നടി പ്രയാഗ മാര്‍ട്ടിനൊപ്പം ചേര്‍ന്ന് ആലപിച്ച യുഗ്മഗാനമാണ് ചുണ്ടനക്കമാണെന്ന് ആരോപണമുയര്‍ത്തിയത്. 'ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം' എന്ന് തുടങ്ങുന്ന ഗാനം ഇരുവരും ചേര്ന്നാലപിക്കുമ്ബോഴാണ് മോഹന്‍ലാലിന് അബദ്ധം പിണഞ്ഞത്. അനുപല്ലവി തുടങ്ങുമ്ബോള്‍ മോഹന്‍ലാല്‍ മൈക്ക് മാറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നണിയില്‍ ഗാനം അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. വീണ്ടും ആരാധകരെ കബളിപ്പിച്ചതിന് മോഹന്‍ലാലിനെതിരേ വിമര്‍ശനങ്ങളും ഏറിയിരുന്നു.
മുന്‍പ് കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ 'ലാലിസം' എന്ന ഷോ വന്‍ വിവാദമായിരുന്നു. രതീഷ് വേഗയായിരുന്നു പരിപാടിയുടെ സംഗീത സംവിധായകന്. പിന്നണിയില്‍ ഗാനം വച്ച് മോഹന്‍ലാലും സംഘവും ചേര്‍ന്ന് വെറുതെ ചുണ്ടനക്കി തങ്ങളെ കബളിച്ച് എന്നാരോപിച്ച് ആരാധകര്‍ അന്ന് രംഗത്ത് വന്നിരുന്നു.
Comments