നീരാളി എന്ന സിനിമയിലൂടെ മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കുകയാണ് നാദിയ മൊയ്തു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം 34 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് നാദിയയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വിദേശ നിര്‍മ്മിത കണ്ണാടി വെച്ചാല്‍ മുന്നില്‍ നില്‍ക്കുന്നവരെ നഗ്നരായി കാണാന്‍ പറ്റുമെന്ന ഹാസ്യസീന്‍ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സൗത്ത്‌ലൈവുമായി സംസാരിക്കുകയാണ് നാദിയ മൊയ്തു.
*മുപ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. എന്താണ് ഈ കൂടിച്ചേരലിനെക്കുറിച്ച് പറയാനുള്ളത് ?
ലാലേട്ടനില്‍ യാതൊരു വ്യത്യാസവുമില്ല. അദ്ദേഹം അത് പോലെ തന്നെയുണ്ട്. കുറച്ചു കൂടെ ഹംബിളായെന്നു പറയാം. അദ്ദേഹം വലിയൊരു താരമാണ്. പക്ഷേ അതിനോടൊപ്പം നല്ലൊരു മനുഷ്യനാണ്. സ്റ്റാര്‍ പവര്‍ സെറ്റില്‍ ഒരിക്കലും തോന്നിയിട്ടില്ല. കൂടെ അഭിനയിക്കുന്നവര്‍ക്ക് അത് വളരെ കംഫര്‍ട്ടബിളാണ്.
* ആദ്യ സിനിമ മോഹന്‍ലാലിനൊപ്പം. തിരിച്ചു വരവ് മമ്മൂട്ടിയോടൊപ്പം. ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മോഹന്‍ ലാലിന്റെ നായികയായി ?
ആദ്യ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ഞാനൊരു ടീനേജറായിരുന്നു. 19 വയസേ ഉള്ളു. അന്ന് അവരുമായി കോമണായി ഒന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലം മാറിയപ്പോള്‍ ഞാനുമൊരു ഒരു മുതിര്‍ന്ന വ്യക്തിയായി. ഇപ്പോള്‍ കൂടെ ജോലിയെടുക്കാന്‍ കുറച്ചുകൂടെ കംഫര്‍ട്ടബിള്‍ ആയി. മമ്മൂക്ക കുറച്ചുകൂടെ റിസേര്‍വ്ഡ് ആണ്. പക്ഷേ മമ്മൂക്ക കളിയാക്കുകയും ചെയ്യും. വേറെ ലെവലാണ് ഇന്ററാക്ഷനും മറ്റും. അവരെല്ലാം ഒരു ഫീമെയ്ല്‍ ആര്‍ടിസ്റ്റായിട്ടല്ല, അവര്‍ക്കൊപ്പമുള്ള ഒരാളായിട്ടാണ് എന്നെ കണ്ടിട്ടുള്ളത്.
* വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചുവന്നത്. എന്തൊക്കെ മാറ്റങ്ങളാണ് സിനിമാ മേഖലയില്‍ പ്രകടമാകുന്നത് ?
അന്നത്തെ സിനിമയും ഇന്നത്തെ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ടെക്‌നിക്കലി നമ്മള്‍ ഒരുപാട് മുന്നോട്ട് പോയി. പേസ് സ്ലോയായിട്ടുണ്ട്. ശ്യാമ 15 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിച്ച സിനിമയാണ്. ഇന്നും അത് വിശ്വസിക്കാനേ പറ്റില്ല. എല്ലാ മേഖലയിലും സ്‌പെഷലൈസ്ഡ് ആയ ആളുകളുണ്ട്. സ്റ്റൈല്‍ ഡിസൈനര്‍മാര്‍ ഉണ്ട്. അന്നൊക്കെ ഞാന്‍ ബോംബെയില്‍ നിന്ന് വരുമ്ബോള്‍ സിനിമയില്‍ ഇടാന്‍ സ്വന്തം ഉടുപ്പ് കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോ അതില്ല. ഇന്നാണങ്കെില്‍ സ്‌റ്റൈലിസ്റ്റ് ഉണ്ടാവും, ടെയിലര്‍ ഉണ്ടാവും. ഓരോന്നിനും വിദഗ്ദര്‍ വന്നു. അന്ന് ആദ്യമായി അഭിനയിക്കാന്‍ വരുമ്ബോള്‍ ഞാന്‍ യങ്‌സറ്ററായിരുന്നു. ഇപ്പോള്‍ കൂടെ അഭിനയിക്കുന്നവരും സെറ്റിലുള്ളവരും കൂടുതലും ചെറുപ്പക്കാരാണ്. ആ ഒരു എനര്‍ജി സെറ്റിനുണ്ട്. ഇപ്പോഴത്തെ ചെറുപ്പക്കാരായ അഭിനേതാക്കളുടെ കൂടെ അഭിനയിക്കുമ്ബോള്‍ നമ്മളും ചെറുപ്പമാകും.
* വളരെ കുറച്ച് സിനിമകളേ ആദ്യ വരവില്‍ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ. പക്ഷേ തിരിച്ചു വരുമ്ബോഴെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു ?
അമ്ബത്തിരണ്ടാമത്തെ സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്. അന്ന് ഒമ്ബത് മലയാള സിനിമകള്‍ മാത്രമാണ് ചെയ്തത്. പക്ഷേ ഇപ്പോഴും ആളുകള്‍ വളരെ സ്‌നേഹത്തോടെ സ്വീകരിക്കുന്നു. അന്ന് ചെയ്തത് ചുരുക്കം കഥാപാത്രങ്ങളായിരുന്നെങ്കിലും ആളുകള്‍ അതെല്ലാം ഇഷ്ടപ്പെട്ടിരുന്നു. എനിക്ക് തോന്നുന്നു ഗേളിയാവാം അവരുടെ മനസിലെ ഇഷ്ടകഥാപാത്രം. അന്ന് അഭിനയിച്ച സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഇപ്പോള്‍ ഹിന്ദിയിലൊക്കെ റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ബോംബെയിലുള്ളവര്‍ ഇപ്പോഴാണ് അതെല്ലാം കണ്ട് എന്നെ തിരിച്ചറിയുന്നത്. ഞാന്‍ പണ്ട് അഭിനയിച്ചിരുന്നു എന്ന് അയല്‍ക്കാരെല്ലാം ഇപ്പോഴാണ് മനസിലാക്കുന്നത്. പ്രണയിച്ച ആളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമായിരുന്നു. അതിനാല്‍ വേഗം വിവാഹം കഴിച്ചു. ഹിന്ദി സിനിമയിലേക്ക് ക്ഷണം വന്നിരുന്നു. പക്ഷേ അന്നെടുത്ത തീരുമാനത്തില്‍ യാതൊരു വിഷമവുമില്ല.
* ഇപ്പോള്‍ സിനിമാ മേഖലയില്‍ വളരെയധികം വിവാദമായതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ പദമാണ് കാസ്റ്റിങ് കൗച്ച്. അത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ ?
ഞാനതിനെ കുറിച്ച് കേട്ടിട്ടുണ്ട്. ഞാന്‍ കാണാത്ത സ്ഥിതിക്ക് എനിക്കതിനെ കുറിച്ച് പറയാനാവില്ല. ചിലപ്പോള്‍ അത് നടക്കുന്നുണ്ടാവാം. സിനിമാ മേഖലയില്‍ മാത്രമല്ല. ഇപ്പോള്‍ മാധ്യമങ്ങളിലും മറ്റും നമ്മള്‍ നിരവധി പീഡന വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ചെറിയ പെണ്‍കുട്ടികളെ വരെ പീഡിപ്പിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ സങ്കടകരമാണ്. ഇന്നത്തെ കാലത്ത് ആളുകള്‍ അതിനെ കുറിച്ചെല്ലാം തുറന്ന് സംസാരിക്കാന്‍ തയ്യാറാകുന്നു. അതിനെതിരെയുള്ള ശക്തമായ നിലപാടുകളും നിയമങ്ങളുമുണ്ടാകണം. പക്ഷേ അതിന് നല്ലൊരു ഐക്യം ഉണ്ടാവണം.
* സ്ത്രീകള്‍ സിനിമാരംഗത്ത് സുരക്ഷിതരാണോ?
സത്രീകള്‍ എവിടേയും സുരക്ഷിതരല്ല. അതിനര്‍ത്ഥം അവര്‍ പേടിച്ച് ജീവിക്കണമെന്ന് ഞാന് പറയില്ല. പക്ഷേ റിയലിസ്റ്റിക്കും പ്രാക്ടിക്കലുമാകണം. എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. മൂത്ത മോള്‍ക്ക് 21 ഉം ഇളയാള്‍ക്ക് 17 ഉം വയസായി. അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. സ്വന്തമായി യാത്ര ചെയ്യാനും വാഹനമോടിക്കാനുമൊക്കെ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ ചില കാര്യങ്ങള്‍ നമുക്ക് സൂചിപ്പിക്കാനേ സാധിക്കൂ. ഒന്നും സംഭവിക്കില്ലെന്നും പേടിച്ച് ജീവിക്കണമെന്നും ഞാന്‍ പറയില്ല. പണ്ടു കാലത്ത് ആണിനെ പോലെ വളര്‍ത്തണമെന്ന് നമ്മള്‍ പറയാറുണ്ട്. ഇപ്പോള്‍ അങ്ങനെ പറയേണ്ട ആവശ്യമില്ല. ആണുങ്ങള്‍ക്ക് കിട്ടുന്ന അവസരങ്ങളും ബഹുമാനവും നമുക്ക് കിട്ടണം. പക്ഷേ, ഇപ്പോള്‍ ഫെമിനിസം അല്പം ഓവറായി പോയിട്ടുണ്ട്. അത്രയും വേണ്ട.
* സിനിമയില്‍ സ്ത്രീ സംഘടനകള്‍ ആവശ്യമാണോ ?
ശബ്ദമുണ്ടാക്കുന്ന വീലിന് എണ്ണ കിട്ടുമെന്ന് ഇംഗ്ലീഷിലൊരു പഴഞ്ചൊല്ലുണ്ട്. നമ്മള്‍ പറയേണ്ടത് പറയുക തന്നെ വേണം. പത്തു പേര്‍ ശബ്ദം വെച്ചാലേ ഒരാളുടെ ശബ്ദമെങ്കിലും കേള്‍ക്കൂ. സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഓരോ വ്യക്തിയും പഠിക്കുന്നത് സ്വന്തം വീട്ടില്‍ നിന്നാവണം. അച്ഛന്‍ അമ്മയ്ക്ക് കൊടുക്കുന്ന ബഹുമാനം കണ്ടാണ് കുട്ടികള്‍ പഠിക്കുക. എന്റെ അച്ഛന്‍ ഹിന്ദുവും അമ്മ മുസ്ലീമുമാണ്. ഏതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കണമെന്ന് ഞങ്ങളെ അവര്‍ നിര്‍ബന്ധിച്ചിട്ടില്ല. ആണായാലും പെണ്ണായാലും പരസ്പര ബഹുമാനത്തോടെ ജീവിക്കണം.
*ഇപ്പോള്‍ കേരളത്തില്‍ ജാതിയുടെ പേരില്‍ ദുരഭിമാന കൊലകള്‍ നടക്കുന്നു. വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ മകളെന്ന നിലയിലും വ്യത്യസ്ത മതത്തിലുള്ള ആളെ വിവാഹം കഴിച്ച വ്യക്തിയെന്ന രീതിയിലും ഇതിനെ എങ്ങനെ കാണുന്നു ?
വളരെ ദുഃഖകരമാണ് ഈ വാര്‍ത്തകള്‍. മാനസികമായി വളരെ ബുദ്ധിമുട്ട് തോന്നാറുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളേക്കാള്‍ വലുത് ജാതിയാണോ എന്നാണ് അവരോട് ചോദിക്കാനുള്ളത്.
*തിയേറ്റര്‍ പ്രിന്റുകള്‍ വരെ മൊബൈല്‍ ഫോണില്‍ ലഭ്യമാകുമ്ബോള്‍ സിനിമയെ അത് ദോഷമായി ബാധിക്കുകയല്ലേ ?
മൊബൈല്‍ ഫോണ്‍ വന്നത് വരെ തലവേദനയാണ്. ക്യാമറയുള്ള ഫോണുകള്‍ വന്നത് കൂടുതല്‍ പ്രശ്‌നമായി. ആളുകളുടെ സ്വകാര്യതയിലേക്ക് വരെ എത്തിനോക്കുകയാണ്. ടെക്‌നോളജി മിസ് യൂസ് ചെയ്യപ്പെടുകയാണ്. ഇതിനൊക്കെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടു വരണം. എന്റെ ഒരു തെലുങ്ക് സിനിമയുടെ ആദ്യ ഭാഗം റിലീസിങ്ങിന്റെ തലേ ദിവസം പുറത്തുവന്നു. പെട്ടെന്ന് സിനിമ റിലീസ് ചെയ്യേണ്ടി വന്നു. അത് ഞാന്‍ ചെയ്ത തെലുങ്ക് സിനിമകളിലെ ഏറ്റവും വിജയം നേടിയ ചിത്രമാണ്.
*ആദ്യ സിനിമയിലെ ഗേളിയെന്ന കഥാപാത്രത്തിന്റെ ഹെയര്‍ സ്റ്റൈല്‍ അന്നത്തെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്‌സിനെ മാറ്റിമറച്ചു. ആ ഹെയര്‍ സ്റ്റൈല്‍ ഇപ്പോള്‍ വീണ്ടും ട്രെന്‍ഡായിരിക്കുകയാണ് ?
ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ എങ്ങനെയാകും ഹെയര്‍ സ്‌റ്റൈല്‍, ഡ്രസിങ് എങ്ങനെയാകും എന്നൊക്കെ ചിന്തിച്ചിരുന്നു. സംവിധായകന്‍ ഫാസില്‍ അങ്കിള്‍ പറഞ്ഞു നീ കോളജില്‍ എങ്ങനെയാണോ പോകുന്നത്, അതു പോലെ മുടി കെട്ടാന്‍. ഞാന്‍ ചുമ്മാ ചുറ്റി കെട്ടി വെച്ചു. ആ സിനിമയിലെ ഗേളിയെന്ന കഥാപാത്രത്തെ ആളുകള്‍ക്ക് വളരെ ഇഷ്ടപ്പെട്ടതിന് കാരണം ഗേളി ചെയ്യുന്നതെല്ലാം അവരും ഇഷ്ടപ്പെട്ടിരുന്നു എന്നതാണ്. ആ സിനിമ ശരിക്കുമൊരു അനുഗ്രഹം തന്നെയാണ്. ഇപ്പോള്‍ ആളുകള്‍ അതുപോലെ മുടി കെട്ടുന്നുണ്ട്. പക്ഷേ ഞാനത് ഇത് വരെ ഇങ്ങനെ ആലോചിച്ചില്ല.
Comments