സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്താനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നതെന്ന് അമ്മയിലെ ഒരു കൂട്ടര് പറയുന്നു. ഇപ്പോഴത്തെ വിവാദവിഷയങ്ങളില്‍ മോഹന്‍ലാലിനെ ബലിയാടാക്കി സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്താനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നതെന്ന് സംഘടനയിലെ മുതിര്‍ന്ന ഭാരവാഹികളില്‍ ചിലര്‍ പറയുന്നു.
ഇക്കാര്യം മോഹന്‍ലാലിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച തുടരാമെന്നും വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്നുമാണ് മോഹന്‍ലാലിന്റെ നിലപാട്. ട്രഷറര്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യമാണ് അറിയിച്ചിരുന്നത്. മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയാണ് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കിയതെന്ന് ജഗദീഷ് പറഞ്ഞിരുന്നു.
ഈ വാര്‍ത്താക്കുറിപ്പിനെ തള്ളിയാണ് സിദ്ദിഖ് കെപിഎസി ലളിതയ്ക്കൊപ്പം വാര്‍ത്താസമ്മേളം നടത്തിയത്. സംഘടനയുടേതെന്ന പേരില്‍ സിദ്ദിഖ് നടത്തിയ പ്രകോപനപരമായ വാദങ്ങള്‍ മോഹന്‍ലാലിന് അതൃപ്തിയുണ്ടാക്കിയെന്നാണ് 'അമ്മ' നിര്‍വാഹക സമിതിയിലെ ചില അംഗങ്ങള്‍ പറയുന്നത്.
അമ്മ-ഡബ്ല്യുസിസി തര്‍ക്കം ആളിക്കത്തിക്കാനാണ് സിദ്ദിഖ് ശ്രമിച്ചതെന്നും മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമായി ഇതിനെ കാണണമെന്നും ഇവര്‍ പറയുന്നു.
അമ്മ അംഗങ്ങള്‍ ഉള്‍പ്പെട്ട വാട്സ്ആപ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ജഗദീഷിന്റെയും ബാബുരാജിന്റേതുമായി വന്ന സന്ദേശങ്ങളിലും ഇത്തരത്തില്‍ ആരോപണങ്ങളുണ്ടായിരുന്നു.
Comments