You are Here : Home / വെളളിത്തിര

ശ്രീനിവാസന്‍ ഉടൻ ഡിസ്ചാർജാകും

Text Size  

Story Dated: Friday, February 01, 2019 04:11 hrs UTC

ആശുപത്രിയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരം. 'മാതൃഭൂമിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്ത സമയത്താണ് ശ്രീനിക്ക് രണ്ട് ദിവസം മുന്‍പ് ശ്വാസതടസം ഉണ്ടായത്. വി.എം വിനുവിന്റെ പടത്തിന്റെ ഡബ്ബിങ്ങിന് പോയതാണ്. മാധ്യമങ്ങളിലും മറ്റും വ്യാജമായ പല വാര്‍ത്തകളും വരുന്നതു കൊണ്ടാണ് ഞാന്‍ സത്യസന്ധമായ കാര്യം പറയുന്നത്.
 
ശ്രീനിക്ക് ശ്വാസംമുട്ടല്‍ ഉണ്ടായി. വിനു പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും അദ്ദേഹം വളരെ അവശനായിരുന്നു. വിനു പറഞ്ഞത് വെള്ളത്തില്‍ ഒരാളെ മുക്കി പിടിച്ചാല്‍ എങ്ങനെയായിരിക്കും, അതായിരുന്നു ശ്രീനിവാസന്‍ വണ്ടിയില്‍വച്ച്‌ കാണിച്ച വെപ്രാളം എന്നാണ്.
 
ആശുപത്രിയില്‍ കൊണ്ട് പോയതും എമര്‍ജന്‍സി എന്ന നിലയ്ക്ക് വെന്റിലേറ്ററില്‍ ആക്കി എന്നതും സത്യം തന്നെയാണ്. ഞാന്‍ പോയി കാണുമ്ബോള്‍ ഞാന്‍ വളരെ സങ്കടത്തിലായിരുന്നു. ശ്രീനി വെന്റിലേറ്ററിലായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയുന്നില്ല. അപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പേടിക്കാനൊന്നുമില്ല, ഇതൊരു സപ്പോര്‍ട്ടിന് വേണ്ടി കൊടുത്തതാണ് എന്ന്.
 
പക്ഷേ വ്യാഴാഴ്ച രാവിലെ ശ്രീനിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇന്നലെ രാവിലെ ഞാന്‍ പത്ത് മണിക്കു ചെല്ലുമ്ബോള്‍ പുള്ളിയെ വെന്റിലേറ്ററില്‍ നിന്നൊക്കെ മാറ്റി, രണ്ട് ഇഡ്ഡലി ഒക്കെ കഴിച്ചു ഇരിക്കുകയാണ്. ഞാന്‍ ചെന്നപ്പോള്‍ ശ്രീനി പറഞ്ഞു 'നിങ്ങള്‍ ഇന്നലെ വന്നെന്ന് ഞാന്‍ അറിഞ്ഞു' എന്ന്.. ഞാന്‍ പറഞ്ഞു 'ഞാന്‍ വന്നിരുന്നു വല്ലാത്തൊരു അവസ്ഥയിലായിരുന്നു'.
 
ഞാന്‍ പറഞ്ഞു 'ഈ അസുഖ കിടക്കയില്‍ നിന്ന് ഇറങ്ങി വന്നു ആദ്യം എഴുതുന്ന തിരക്കഥ ഹിറ്റ് ആകാറുണ്ട്. ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് തൊട്ടു മുന്‍പ് ഇതുപോലെ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ഉടനെ തന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കഥ ആലോചിക്കാനും ഞാനും അത് തന്നെയാണ് പ്ലാന്‍ ചെയ്യുന്നതെന്നും' പറഞ്ഞു. അങ്ങനെ സംസാരിച്ചു. കുറേ തമാശകള്‍ പറഞ്ഞു.
 
ഈ പരിപാടിയുടെ കാര്യം ഞാന്‍ ശ്രീനിയോട് പറഞ്ഞു. മാതൃഭൂമിയുടെ പരിപാടിക്ക് പോണോ വേണ്ടയോ എന്ന് സംശയിച്ചു നില്‍ക്കുകയാണെന്ന് പറഞ്ഞ എന്നോട് 'താന്‍ പോണം ഞാന്‍ അവിടെ വേദിയില്‍ ഉണ്ടെന്ന് തോന്നിപ്പിച്ചു കൊണ്ട് നിങ്ങള്‍ സംസാരിക്കണ'മെന്ന് ശ്രീനി പറഞ്ഞു.
ഇപ്പോള്‍ അദ്ദേഹം വളരെ ബെറ്ററായി. ഇന്ന് ഞാന്‍ വിളിച്ചിരുന്നു. ഐ.സി.യുവില്‍ നിന്ന് മാറ്റാത്തത് സന്ദര്‍ശകരെ കുറയ്ക്കാന്‍ വേണ്ടിയാണ്. രണ്ട് ദിവസം കഴിഞ്ഞാല്‍ അദ്ദേഹം വീട്ടിലേക്ക് മാറും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.