മീ ടൂ പോലെയുള്ള കാംപെയിനുകള്‍ സജീവമായിക്കൊണ്ടിരിക്കെ അതിക്രമങ്ങള്‍ കണ്ടാല്‍ മിണ്ടാതെ നില്ക്കുകയല്ല, പ്രതികരിക്കുകയാണ് വേണ്ടതെന്ന് തുറന്നുപറഞ്ഞ് നടി രജിഷ വിജയന്. ഇപ്പോള്‍ സിനിമകളുടെ തിരക്കിലാണെങ്കിലും താന്‍ പ്ലസ് വണ്ണില്‍ പഠിക്കുന്പോള്‍ ബസില്‍ വെച്ചുണ്ടായ മോശം അനുഭവത്തപ്പറ്റി നടി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു രജിഷയുടെ തുറന്നുപറച്ചില്‍. വൈകുന്നേരം സ്കൂള്‍ വിട്ട് ബസില്‍ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സാധാരണ സ്കൂള്‍ വിടുന്ന സമയം ഉൗഹിക്കാമല്ലോ, എന്തായിരിക്കും ബസുകളിലെ തിരക്കെന്ന്. ഞാന്‍ കയറിയ ബസില്‍ ഒരു കൊച്ചു പെണ്‍കുട്ടി സ്ത്രീകള്‍ കയറുന്ന വാതിലിനടുത്തുള്ള കന്പിയില്‍ പിടിച്ച് നില്‍ക്കുന്നുണ്ട്. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമേ ആ കുട്ടിക്കുള്ളു. അടുത്ത് സ്ത്രീകളുടെ സീറ്റില്‍ രണ്ട് ആന്റിമാര് ഇരിക്കുന്നു. ഞാന്‍ ഇപ്പുറത്ത് പിടിച്ച് നില്ക്കുന്നു. നല്ല തിരക്കാണ്. ആണുങ്ങളെല്ലാം പിറകില്‍. ബസിലെ കിളി പടിയിന്മേല് നില്‍ക്കുന്നുണ്ട്.
ഞാന്‍ നോക്കുന്പോള്‍ ആ പെണ്‍കുട്ടി പേടിച്ചരണ്ട് നില്‍ക്കുകയാണ്. എന്ത് പറ്റിയെന്ന് ആലോചിച്ച് നില്‍ക്കുന്പോഴാണ് പടിയില്‍ നില്ക്കുന്ന കിളി കന്പിക്കിടയിലൂടെ പെണ്‍കുട്ടിയുടെ കാലില്‍ മോശമായി തൊടുകയും മറ്റും ചെയ്തു കൊണ്ടിരിക്കുന്നു. പ്രതികരിക്കാനാകാതെ പകച്ച് നില്‍ക്കുകയാണ് ആ പെണ്‍കുട്ടി. ഞാന്‍ നോക്കുന്പോള്‍ അവിടെ ഇരിക്കുന്ന ആന്റിമാരും പ്രതികരിക്കുന്നില്ല. അടുത്ത് നില്ക്കുന്നവരൊക്കെ ഇത് കാണുന്നുണ്ടെങ്കിലും ആരും മിണ്ടുന്നില്ല. അവസാനം ഞാന്‍ പ്രതികരിച്ചു. ഒച്ച വെച്ചു. ഉടനെ അയാള്‍ കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്തോ എന്ന ഭാവത്തില്‍ കണ്ണുരുട്ടാന്‍ തുടങ്ങി. ഒടുവില്‍ ഞാനയാള്ക്കിട്ട് ഒന്ന് പൊട്ടിച്ചു. പിന്നീട് ആളുകള്‍ കൂടി ബസ് നിര്‍ത്തി കിളിയെ ഇറക്കിവിട്ടു.
വീണ്ടും മുന്നോട്ട് പോയി. കുറച്ച് സ്റ്റോപ്പുകള്‍ കൂടി പിന്നിട്ടപ്പോള്‍ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്തു നിന്ന കുട്ടിയുടെ അമ്മയോട് മോളെ ഇങ്ങനെ ഒറ്റയ്ക്ക് വിടരുതെന്നും ഞാന്‍ പറഞ്ഞു. ഒരു പക്ഷെ അത്രയും ആളുകള്‍ കൂടെയുണ്ടെന്ന തോന്നലാകാം പെട്ടെന്ന് പ്രതികരിക്കാനെന്നെ പ്രേരിപ്പിച്ചത്. നമ്മള് നമ്മളെ തന്നെ ആ സ്ഥാനത്ത് കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ തോന്നില്ലെന്നും രജിഷ പറയുന്നു.
Comments