You are Here : Home / വെളളിത്തിര

ഗിന്നസ് പക്രു പറയുന്നു; വെളിച്ചത്തിന്‍റെ ഉത്സവക്കാഴ്ചകള്‍

Text Size  

Story Dated: Thursday, December 26, 2013 08:43 hrs UTC

എത്രയും വേണം ക്രിസ്മസ് വരണേയെന്ന പ്രാര്‍ഥനയാണ് കുട്ടിക്കാലത്ത്. കാരണം ക്രിസ്മസ് തലേന്നാണ് വീട്ടില്‍ നിന്നും രാത്രിസ്വാതന്ത്യ്രം കിട്ടുന്നത്. അന്ന് കൂട്ടുകാര്‍ക്കൊപ്പം കരോളിനു പോകാം. എത്ര വൈകിയെത്തിയാലും കുഴപ്പമില്ല. പകല്‍ മാത്രം കാണുന്ന ചുറ്റുവട്ടത്തെ വീടുകളില്‍ പോയി കരോള്‍ഗാനം പാടാം. വെളിച്ചത്തിന്റെ ആഘോഷമാണ് ക്രിസ്മസ് എന്നു തോന്നാറുണ്ട്. ചുറ്റും നക്ഷത്രപ്രകാശങ്ങള്‍. ആരവങ്ങള്‍. ആര്‍പ്പുവിളികള്‍. ആകെയൊരു സന്തോഷം.പിന്നീട് മിമിക്രി കലാകാരനായി വളര്‍ന്നപ്പോഴും ഡിസംബര്‍ മാസമെത്തുമ്പോള്‍ ഭയങ്കരസന്തോഷമാവും. നല്ല കാലാവസ്ഥയുള്ള, ധാരാളം പ്രോഗ്രാമുകള്‍ കിട്ടുന്ന മാസമാണ് ഡിസംബര്‍.

പല ദിവസങ്ങളിലും ഒന്നും രണ്ടും പ്രോഗ്രാമുകളുണ്ടാവും. മഴ മാറിയാല്‍ ഓണക്കാലത്ത് പ്രോഗ്രാം കിട്ടുമെങ്കിലും അതു കഴിഞ്ഞാല്‍ കലാകാരന്മാര്‍ പട്ടിണിയിലാണ്. ക്രിസ്മസ് അങ്ങനെയല്ല. ഒപ്പം ന്യൂയറുമുള്ളതിനാല്‍ ഇരട്ടി സന്തോഷമാണ്.
കുറെക്കാലം മുമ്പത്തെ ക്രിസ്മസ് ദിനത്തില്‍ മൂന്നു സ്ഥലത്ത് പ്രോഗ്രാമുകള്‍ കിട്ടി. ആദ്യത്തെ സ്ഥലത്ത് രാത്രി ഏഴുമണിക്കെങ്കിലും പ്രോഗ്രാം ആരംഭിച്ചാലേ മൂന്നാമത്തെ സ്ഥലത്ത് ഒരു മണിക്കെങ്കിലും എത്താനാവൂ. ആ രീതിയിലായിരുന്നു പ്ളാനിംഗ്. ആദ്യത്തെ സ്ഥലത്ത് വൈകിട്ട് അഞ്ചുമണിക്കുതന്നെ എത്തി.

ആറു മണിക്കാണ് സാംസ്കാരികസമ്മേളനം. ആറര മണിക്കാണ് അത് തുടങ്ങിയത്. അര മണിക്കൂറല്ലേ വൈകിയുള്ളൂ എന്ന ആശ്വാസം. പക്ഷേ അധ്യക്ഷന്‍ അര മണിക്കൂര്‍ പ്രസംഗിച്ചുകഴിഞ്ഞശേഷമാണ് ഉദ്ഘാടകനായ മന്ത്രിയെ ക്ഷണിച്ചത്. മന്ത്രിയാവട്ടെ ഒറ്റ നില്‍പ്പിന് ഒരുമണിക്കൂര്‍ പ്രസംഗമങ്ങ് കാച്ചി. ഏഴു മണി കഴിഞ്ഞുള്ള ഓരോ മിനുട്ടിലും ഞങ്ങളുടെ നെഞ്ചിലായിരുന്നു മിമിക്രി. ഒടുവില്‍ എട്ടുമണിക്ക് മന്ത്രി പ്രസംഗം നിര്‍ത്തി. പിന്നീട് ആശംസക്കാരുടെ നിരയായി. അടുത്ത ഒരു മണിക്കൂര്‍ അവരും പങ്കിട്ടെടുത്തതോടെ ഞങ്ങളെല്ലാവരും ശരിക്കും തളര്‍ന്നു. രണ്ടു മണിക്കൂര്‍ വൈകിയോടിക്കൊണ്ട് പരിപാടി വേഗം തീര്‍ത്ത് രണ്ടാം വേദിയിലേക്ക്. അതു കഴിഞ്ഞ് മൂന്നാംവേദിയിലെത്തുമ്പോള്‍ സമയം മൂന്നുമണി. ഇതിനിടയ്ക്ക് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഞങ്ങളുടെ ട്രൂപ്പിനെ പ്രോഗ്രാമിനായി ഏല്‍പ്പിച്ച സംഘാടകനോട് മറ്റുള്ളവര്‍ തട്ടിക്കയറുന്നതാണ് ആദ്യം കണ്ട കാഴ്ച. മ്ലാനമായ മുഖത്തോടെ ഞങ്ങള്‍ അവര്‍ക്കു മുമ്പില്‍ നിന്നു. ഭാഗ്യത്തിന് തല്ല് കിട്ടിയില്ലെന്നേയുള്ളൂ.
''ഇന്ന് ഇനി പരിപാടി നടത്തേണ്ട.''
സംഘാടകരില്‍ ഒരാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അപ്പോഴേക്കും ഗ്രൌണ്ടില്‍ നിന്നും ആളുകളൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്.
''നാളെ രാത്രി നേരത്തെ വന്ന് പ്രോഗ്രാം നടത്തിക്കൊള്ളാം.''
ഞാന്‍ അവരോട് ക്ഷമാപണത്തോടെ സംസാരിച്ചു. ഒടുവില്‍ അവര്‍ സമ്മതിച്ചു.
''പക്ഷെ, ഇവനെ ഞങ്ങള്‍ വിടില്ല.''
പ്രോഗ്രാം ബുക്ക് ചെയ്ത ചെറുപ്പക്കാരനെ അവര്‍ വളഞ്ഞുവച്ചു. രാവിലെ എട്ടുമണി വരെ അവനെ അവിടെയിരുത്തി ഒറ്റയ്ക്ക് കാരംസ് കളിപ്പിച്ചു. അത് അവനുള്ള ശിക്ഷയായിരുന്നു.

അന്ന് അത് വേദനയുണ്ടാക്കിയെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തമാശയായാണ് തോന്നുന്നത്. അവര്‍ക്ക് നല്‍കിയ വാക്ക് ക്രിസ്മസിന്റെ പിറ്റേ ദിവസം ഞങ്ങള്‍ പാലിച്ചു.ഇപ്പോള്‍ നമ്മള്‍ കേരളീയര്‍ക്ക് ആഘോഷങ്ങള്‍ ടി.വിക്കു മുമ്പിലാണ്. ആര്‍ട്സ് ക്ലബുകളുടെ കലാപരിപാടികള്‍ ഇല്ലെന്നുതന്നെ പറയാം. മറുനാടന്‍ മലയാളികളാണ് ഓണവും ക്രിസ്മസുമൊക്കെ ഗൃഹാതുരതയോടെ ആഘോഷിക്കുന്നത്. ഓണം കഴിഞ്ഞാല്‍ അവര്‍ കാത്തിരിക്കുന്നത് ക്രിസ്മസിനെയും ന്യൂ ഇയറിനെയുമാണ്. മലയാളിക്ക് കലാപരിപാടികള്‍ കാണാന്‍ നേരമില്ല. എക്സിബിഷനുകളില്‍ സമയം കളയാനാണ് താല്‍പ്പര്യം.

എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.