You are Here : Home / വെളളിത്തിര

കൂടെയുടെ റിവ്യൂ വായിക്കാം ...

Text Size  

Story Dated: Saturday, July 14, 2018 02:38 hrs UTC

ബാംഗ്ലൂര്‍ ഡെയിസിന് ശേഷം അഞ്ജലി മോനോന്‍ ഒരുക്കുന്ന ചിത്രം,പൃഥ്വിരാജിന്റെ 100ാമത്തെ സിനിമ, നാല് വര്‍ഷത്തിന് ശേഷം നസ്രിയുടെ മടങ്ങി വരവ്, ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഗാനങ്ങള്‍- കാണാന്‍ നിരവധി കാരണങ്ങളുമായാണ് കൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ഇങ്ങനെ ഉയര്‍ത്തിയ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഹൃദയത്തിലേക്ക് കൂടൊരുക്കുകയാണ് തന്റെ മൂന്നാമത്തെ സിനിമയില്‍ അഞ്ജലി മേനോന്‍.
 
 
 
ജെനിയും( നസ്രിയ) അവളുടെ സഹോദരന്‍ ജോഷ്വയും (പൃഥ്വിരാജ്) തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കഥയാണ് കൂടെ. അവരുടെ സ്നേഹത്തിന്റെ കൂടെയൊരു യാത്രയ്ക്കാണ് സംവിധായക പ്രേക്ഷകരെ കൊണ്ട് പോകുന്നത്. ജെനിയുടെ മരണത്തിനെ തുടര്‍ന്ന് നാട്ടിലേക്ക് വരുന്ന ജോഷ്വയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് കൂടെയുടെ ഇതിവൃത്തം. മനസിലെ ഒരുപാട് സ്വപ്നങ്ങള്‍ പാതിയില്‍ ഉപേക്ഷിച്ച്‌ മടങ്ങിയ ജെനി. സഹോദരനെ ഇഛായന്‍ എന്ന് വിളിക്കുന്നതിനെ അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഷോര്‍ട്ടാക്കി സ്റ്റയിലായി ഛായ് എന്നാക്കി വിളിക്കുന്ന പെണ്‍കുട്ടി. കുടുംബക്കാര്യങ്ങള്‍ ചുമതലയായി ചെയ്യുന്ന ജോഷ്വ, ജീവിതം ക്ലോക്ക് നോക്കിയല്ല മറിച്ച കോമ്ബസ് നോക്കി വേണമെന്ന് പറയുന്ന ജെനി-ഇങ്ങനെ രണ്ട് തലങ്ങളിലുള്ള രണ്ട് പേരിലൂടെയാണ് കൂടെയുടെ യാത്ര.
 
 
 
ഇമോഷണല്‍ ഡ്രാമയുടെ സ്വഭാവം സൂക്ഷിക്കുമ്ബോഴും ഒരു ഫീല്‍ ഗുഡ് സിനിമയായാണ് കൂടെ ഒരുക്കിയിട്ടുള്ളത്. റിയലിസ്റ്റിക്കായ കഥാപശ്ചാത്തലവും അവതരണ രീതിയും പിന്‍തുടരുന്ന സിനിമ പക്ഷെ ഒരു ഫാന്റസിയാണ്. റിയലിസവും ഫാന്റസിയുമെല്ലാം കൃത്യമായി ബ്ലെന്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള തിരക്കഥ സിനിമയുടെ കരുത്താണ്.കൂടെയുടെ ആത്മാവ് തിരക്കഥാകൃത്ത് കൂടിയായ സംവിധായക അഞ്ജലി മേനോനാണ്. ക്ലീഷേയിലേക്ക് വീഴാന്‍ സാധ്യതയുള്ള കഥാപശ്ചാത്തലത്തിനെ തന്റെ ക്രാഫ്റ്റ് കൊണ്ട് അഞ്ജലി മനോഹരമായി മാറ്റിയിട്ടുണ്ട്.
 
തന്റെ പതിവ് സിനിമകള്‍ പോലെ തന്നെ സൂക്ഷമമായ കഥാപാത്ര സൃഷ്ടി, ചെറിയ രംഗങ്ങള്‍ പോലും ഡീറ്റെലിങായ അവതരണ രീതി തുടങ്ങി തന്റെ കൈയ്യൊപ്പ് സിനിമയിലുടനീളം പതിപ്പിച്ചിട്ടുണ്ട് സംവിധായിക. ജെനിയുടെ മുറിയിലെ കാഴ്ചകള്‍ അവളുടെ സ്വപ്നത്തിന്റെതാണ്. സംഭാഷണങ്ങള്‍ക്കപ്പുറം ഇങ്ങനെയുള്ള കാഴ്ചകളിലൂടെ കൂടി പ്രേക്ഷകനെ സിനിമയിലേക്ക് കൊണ്ട് വരാനുള്ള ശ്രമം അഞ്ജലി മേനോന്‍ നടത്തിയിട്ടുണ്ട്. ജെനിയെ ഇഞ്ചഷന്‍ ചെയ്യുമ്ബോള്‍ ജോഷ്വയിലുണ്ടാവുന്ന ഭാവമാറ്റം, ജോഷ്വയുടെ പ്രണയം അടയാളപ്പെടുത്തുന്ന ഫുട്ബോള്‍ കിക്ക്, നായകുട്ടി, ഇങ്ങനെ കൃത്യമായ അടയാളപ്പെടുത്തലുകള്‍ കൂടിയാണ് സിനിമ.
 
 
 
ഓം ശാന്തി ഓശാനയിലും ബാംഗ്ലൂര്‍ ഡെയിസിലുമെല്ലാം കണ്ട നസ്രിയ മടങ്ങി വരവില്‍ ഒരു പടി കൂടി കടന്ന് അഭിനയ മികവിന്റെതാക്കുന്നുണ്ട് ജെനിയെ. പ്രേക്ഷകനോട് നേരിട്ട് സംവധിക്കുന്ന തലത്തിലേക്ക് കഥാപാത്രത്തിനെ മാറ്റാന്‍ നസ്രിയയുടെ ഹൈവോള്‍ട്ടേജ് പെര്‍ഫോമെന്‍സിന് കഴിയുഞ്ഞു. ഒരെ സമയം കണ്ണ് നിറയുകയും അടുത്ത നിമിഷം സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ് ജെനിയുടെ കഥാപാത്രം. വൈകാരിക തലവും സന്തോഷവും മാറി മാറി വരുന്ന സിനിമയില്‍ കൃത്യമായി ആ ഭാവ മാറ്റത്തെ ജെനിയില്‍ സന്നിവേശിപ്പിക്കുന്ന നസ്രിയ എന്ന നടിയാണ് കൂടെയെ ഹൃദ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്.
 
പ്രൊട്ടഗോണിസ്റ്റായ ജോഷ്വ പൃഥ്വിരാജിന്റെ കൈയില്‍ ഭദ്രമാണ്. ഒരു പക്ഷെ സമീപക്കാല സിനിമകളില്‍ നിന്ന് നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടി കൂടിയാണ് ജോഷ്വ. വൈകാരിക രംഗങ്ങളില്‍ അമിതാഭിനയം കൊണ്ടും ടൈപ്പ് കാസ്റ്റ് ചേഷ്ടകളാലും വന്നിരുന്ന വിമര്‍ശങ്ങള്‍ ഇതാ അവസാനിപ്പിച്ചോള്ളുവെന്ന് ജോഷ്വയിലൂടെ പൃഥ്വിരാജ് പറയുന്നുണ്ട്. കൈയടക്കത്തോടെ ഇമോഷണല്‍ ഡ്രാമയുടെ തലം അത്ര മികവോടെയാണ് ചെയ്തിരിക്കുന്നത്. ജോഷ്വ പൃഥ്വിരാജ് എന്ന നടന്റെ കരിയറില്‍ അടയാളപ്പെടുത്തുന്ന കഥാപാത്രമാക്കും. അഭിനയതാക്കളുടെ 'താര പട്ടം' തേടിയുള്ള യാത്രുടെ ഭാഗമായി സിനിമ തെരഞ്ഞെടുക്കുന്ന മലയാള സിനിമയില്‍ തന്റെ 100മാത്തെ സിനിമയായി കൂടെ തെരഞ്ഞെടുത്തതില്‍ പൃഥ്വിരാജിനും അഭിമാനിക്കാം.
 
ആദ്യ പകുതിയില്‍ തന്റെ കഥാപാത്രത്തിനെ കുറിച്ചുള്ള സുചന മാത്രമാണ് സോഫിയിലൂടെ പാര്‍വതി നല്‍കുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ ജെനിയുടെയും ജോഷ്വയുടെയും അത്മബന്ധത്തിന്റെ ഭാഗമാവുകയാണ് സോഫി. ഇവരുടെ ഹൃദയക്കൂടിലേക്ക് കയറുന്ന സോഫിയില്‍ പാര്‍വതി പതിവ് പോലെ തന്നെ കഥാപാത്രത്തെ മികച്ചതാക്കി. സോഫിയെന്ന കഥാപാത്രം പാര്‍വതിയെന്ന വ്യക്തിയുടെ നിലപാടിന്റെ പകര്‍ന്നാട്ടം കൂടിയാണെന്ന് തോന്നി പോകും. മലയാള സിനിമയിലെ നിലപാട് യുദ്ധത്തില്‍ തന്റെ നിലപാടിന്റെ പ്രഖ്യാപനമായി അഞ്ജലി സോഫിയെ മാറ്റിയതാവാം. ജോഷ്വയുടെയും ജെനിയുടെയും മതാപിതാക്കളായി സംവിധായകന്‍ രഞ്ജിതും മാലാ പാര്‍വതിയും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ചിലയിടതെങ്കിലും രഞ്ജിത് എന്ന നടന്റെ പ്രതിഭയും പ്രകടമാണ്. ഫൂഡല്‍ ആണത്വ ആഘോഷ സിനിമകളുടെ ബ്രാന്‍ഡ് അംബാസിഡറായ സംവിധായകനില്‍ നിന്ന് പ്രേക്ഷകന് ലഭിക്കുന്നത് അലോഷിയെന്ന ജെന്‍ഡര്‍ ജസ്റ്റീസ് പറയുന്ന ആണിനെയാണ്.
 
വൈകാരിക തലമുള്ള സിനിമയില്‍ എല്ലാ അഭിനയെതാക്കളും കൃത്യമായ രീതിയില്‍ തന്നെ കഥാപാത്രമായി മാറിയെന്നതാണ് സിനിമയുടെ മേന്മ. അഭിനയതാക്കളുടെ തെരഞ്ഞെടുപ്പിന്റെ മികവ് സിനിമയുടെ പ്ലസ് പോയിന്റാണ്. അഞ്ജലി മേനോന്‍ സിനിമയെ എല്ലാം കൊണ്ട് മികവുറ്റതാക്കുന്നതില്‍ അണിയറ പ്രവര്‍ത്തകരുടെയും പങ്ക് അടയാളപ്പെടുത്താതെ പോകാന്‍ കഴിയില്ല. ലിറ്റില്‍ സ്വയമ്ബിന്റെ ഛായാഗ്രഹണമാണ് കൂടെയെ പ്രേക്ഷനൊപ്പം നിര്‍ത്തുന്നത്. ഊട്ടിയുടെ കാഴ്ചകളെ സിനിമയുടെ മൂഡിന് അനുയോജ്യമായ രീതിയില്‍ വ്യൂ സെറ്റ് ചെയ്ത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ക്യാമറ. ജോഷ്വ- ജെനി ബന്ധത്തിലൂടെ പോകുന്ന സിനിമ പക്ഷെ അവരില്‍ നിന്ന് ഊട്ടിയുടെ മനോഹാരിതയിലേക്ക് തെന്നി മാറാതെ അവതരിപ്പിച്ചതില്‍ ലിറ്റില്‍ സ്വയമ്ബിന്റെ മികവ് പ്രകടമാണ്.
 
സിനിമയിറങ്ങും മുന്‍പ് തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ എം ജയചന്ദ്രന്റെയും രഘു ദിക്ഷിതിന്റെയും ഗാനങ്ങള്‍ സിനിമയുടെ കഥാപശ്ചാത്തലത്തിനൊപ്പമാണ്.അതിനാല്‍ തന്നെ ഗാനങ്ങള്‍ സിനിമയുടെ ഭാഗമാക്കുമ്ബോള്‍ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. രഘു ദിക്ഷിത്തിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതാണ്.
 
ഫാന്റസിയും റിയലിസ്റ്റിക്ക് അവതരണവുമെല്ലാം ചേര്‍ന്ന് ജോഷ്വക്കും ജെനിയ്ക്കുമൊപ്പമുള്ള രസകരമായ എന്നാല്‍ ചിലയിടത് ഹൃദയം നുറുങ്ങുന്ന ചിലയിടത് സന്തോഷിപ്പിക്കുന്ന യാത്രയാണ് കൂടെ.
 
നല്ല പ്രകടനങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തുന്ന സംവിധാന മികവിന്റെ യാത്ര. ഒരു ഉറക്കത്തില്‍ കാണുന്ന എന്നാല്‍ പിന്നീട് പല ദിവസങ്ങളില്‍ ഉറക്കം കളയുന്ന ചില സമയങ്ങളില്‍ സന്തോഷിപ്പിക്കുന്ന സ്വപ്നം പോലെ സുന്ദരമായ ഒന്ന്.
തിയ്യേറ്ററിന് പുറത്തിറങ്ങുമ്ബോള്‍ ജെനിയും അവളുടെ ഛായും നമുക്കൊപ്പമുണ്ടാവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.