കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ തന്റെ മാനേജരല്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. തന്നെ പ്രതിനിധീകരിക്കുന്ന ഒരു മാനേജരും ഇല്ല. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, കൊളാബറേഷനുകളും, പ്രൊഫഷണൽ കാര്യങ്ങളും നേരിട്ടോ നിർമ്മാണ കമ്പനി, ഉണ്ണി മുകുന്ദൻ ഫിലിംസ് (യുഎംഎഫ്) വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്ന് നടൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണങ്ങൾക്കെതിരെ നടൻ്റെ പ്രതികരണം.
യൂട്യൂബറും കോഴിക്കോട് സ്വദേശിയുമായ റിൻസിയും സുഹൃത്ത് യാസർ അറഫത്തുമാണ് 22.5 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിയിലായത്. പിന്നാലെ യൂട്യൂബർ ഉണ്ണി മുകുന്ദൻ്റെ മാനേജരാണെന്ന തരത്തിൽ പല ഓൺലൈൻ ചാനലുകളിലും മറ്റും വാർത്തകൾ പ്രചരിച്ചിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. എംഡിഎംഎയുമായി വ്ലോഗർ പിടിയിലായ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. പ്രതികൾക്ക് ലഹരി വിൽപ്പന ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചെന്ന കേസിൽ പൊലീസ് കുറ്റപത്രം നൽകി. മർദനം നടന്നതായി തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ പിടിവലിയുണ്ടാവുകയും, ഇതിൽ വിപിൻ്റെ കണ്ണട പൊട്ടിക്കുകയും ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കുറ്റപത്രം.
കേസിൽ നടനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മാനേജറെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പൊലീസിന് മൊഴി നൽകി. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും ഉണ്ണി മുകുന്ദൻ്റെ മൊഴിയിൽ പറയുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയാണ് ഇൻഫോപാർക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്.