അമ്മ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സുപ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കൂടുതല്‍ വനിതകള്‍. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശ്വേത മേനോനും, വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നവ്യാ നായര്‍, ആശാ അരവിന്ദ്, ലക്ഷ്മിപ്രിയ എന്നിവരും മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് അന്‍സിബയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കൂ പരമേശ്വരനുമാണ് മത്സരിക്കുക.
ഒരേ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരാള്‍ ഒന്നില്‍ കൂടുതല്‍ പത്രിക നല്‍കിയതില്‍ തര്‍ക്കം തുടരുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് മൂന്ന് പത്രികയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മൂന്ന് പത്രികയും നല്‍കിയിട്ടുണ്ട്. ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
‘അമ്മ’യില്‍ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് നടന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ ഭരിച്ച രാജ്യമല്ലേ നമ്മുടേത് അപ്പോള്‍ ‘അമ്മ’യില്‍ സ്ത്രീകള്‍ മത്സരിക്കട്ടെയെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു പേരാണ് മത്സരിക്കുന്നത്. ജഗദീഷ്, ശ്വേത മേനോന്‍ എന്നിവരും മത്സരിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജോയ് മാത്യു നല്‍കിയ പത്രിക തള്ളിയിരുന്നു. മൂന്ന് നോമിനേഷന്‍ നല്‍കിയ നടന്റെ രണ്ട് നോമിനേഷനുകളാണ് തള്ളിയത്. എക്‌സിക്യൂട്ടിവിലേയ്ക്ക് നല്‍കിയ നോമിനേഷന്‍ നില നില്‍ക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക.