‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകന്‍ എബ്രിഡ് ഷൈനിനും പൊലീസ് നോട്ടീസ് നല്‍കി. നിവിന്‍ പോളിയെയും എബ്രിഡ് ഷൈനിനെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യും.
‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. നിര്‍മ്മാതാവ് പി.എസ്. ഷംനാസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസിന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.
നിവിന്‍ പോളിയുടെ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവാണ് പരാതിക്കാരനായ പി.എസ്. ഷംനാസ്. ഷംനാസില്‍ നിന്ന് ഒരു കോടി 95 ലക്ഷം രൂപ വാങ്ങി സിനിമയുടെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഗള്‍ഫിലെ വിതരണക്കാരനില്‍ നിന്ന് മുന്‍കൂറായി നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ എന്ന കമ്പനി രണ്ട് കോടി കൈപ്പറ്റി എന്നും ആരോപണമുണ്ട്.
പരാതി വന്നതിന് പിന്നാലെ തന്നെ പ്രതികരണവുമായി നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നുവരികയാണ്. ആ സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദേശം മറികടന്നാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഇത് വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നുമാണ് നിവിന്‍ പോളി അറിയിച്ചത്.