രജനീകാന്ത് ആരാധകര്‍ കൂലിയുടെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും കാമിയോ റോളില്‍ എത്തുന്നുണ്ട്. ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ തന്നെ ആമിര്‍ ഖാന്റെ ദാഹ എന്ന കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഈ കാമിയോ റോള്‍ ചെയ്യാനായി താരം 20 കോടിയാണ് പ്രതിഫലമായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രതിഫലം സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കാമിയോ റോളിലാണ് എത്തുന്നത്. “രജനീകാന്തിനോടും കൂലി ടീമിനോടും ആമിര്‍ ഖാന് വളരെ അധികം സ്‌നേഹവും ബഹുമാനവും ഉണ്ട്. പൂര്‍ണമായ തിരക്കഥ പോലും കേള്‍ക്കാതെയാണ് അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞത്. ടീമിനോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് ഈ അതിഥി വേഷം. കൂടാതെ അതിനായി അദ്ദേഹം പ്രതിഫലം വാങ്ങിയിട്ടില്ല”, എന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
നേരത്തെ ഹൈദരാബാദില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ എന്തുകൊണ്ട് കൂലി ചെയ്യാന്‍ സമ്മതം മൂളിയെന്ന് ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. “ലോകേഷ് എന്നെ കാണാന്‍ വന്നു. എന്തിനാണ് കാണാന്‍ വരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. കൂലിക്ക് വേണ്ടിയാണെന്നും ചിത്രത്തില്‍ ഒരു വേഷം ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ലോകേഷ് പറഞ്ഞു. രജനി സാറിന്റെ സിനിമയാണെന്ന് അറിഞ്ഞ ശേഷം, ഒരുപക്ഷെ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരക്കഥ കേല്‍ക്കാതെ ഞാന്‍ സിനിമയ്ക്ക് സമ്മതം പറഞ്ഞത്”, ആമിര്‍ പറഞ്ഞു.
അതേസമയം ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തും. ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.