ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ അംഗീകാരം. ഐസിസിയുടെ പ്ലേയർ ഓഫ് ദ മന്ത് പുരസ്‌കാരമാണ് ഇന്ത്യൻ ടെസ്റ്റ് നായകനെ തേടിയെത്തിയത്. നാല് തവണ പ്ലേയർ ഓഫ് ദ മന്ത് നേടുന്ന ആദ്യ പുരുഷ ക്രിക്കറ്റർ എന്ന റെക്കോർഡും ഗിൽ സ്വന്തം പേരിലാക്കി.
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരം, സേന രാജ്യത്ത് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ നായകൻ, ശുഭ്മാൻ ഗിൽ ഇംഗ്ലണ്ട് മണ്ണിൽ കളി മികവ് പുറത്തെടുത്തപ്പോൾ കടപുഴകിയത് നിരവധി റെക്കോർഡുകളാണ്.
ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് നായക പദവി ഏറ്റെടുത്ത ആദ്യ പരമ്പരയിൽ ഗിൽ കാഴ്ച്ചവെച്ചത് തകർപ്പൻ പ്രകടനമാണ്. അഞ്ച് മത്സരത്തിൽ നിന്ന് സ്വന്തമാക്കിയത് നാല് സെഞ്ച്വറി അടക്കം 754 റൺസാണ്. എഡ്ജ്ബാസ്റ്റണിൽ ആദ്യ ജയം നേടിയ ഗില്ലും സംഘവും അവസാന ടെസ്റ്റിലെ അവിശ്വസനീയ ജയത്തോടെ പരമ്പര സമനിലയാക്കി. പിന്നാലെയാണ് ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ഗില്ലിനെ തേടിയെത്തുന്നത്.
ട്രിപ്പിൾ സെഞ്ച്വറിയുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കൻ താരം വിയാൻ മുൾഡർ, ഓൾറൗണ്ടർ പ്രകടനവുമായി എത്തിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് എന്നിവരെ മറികടന്നാണ് ഗിൽ ജൂലൈയിലെ മികച്ച താരമായത്. നാല് തവണ ഐസിസി പ്ലെയർ ഓഫ് ദ മന്ത് നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. 2023ൽ രണ്ട് തവണ പുരസ്‌കാരം നേടിയ ഗിൽ 2025ൽ ഇത് രണ്ടാം തവണയാണ് ഐസിസിയുടെ മികച്ച താരമാകുന്നത്.