വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി തേടിയത് നിലവിലെ കേന്ദ്ര നിയമം അപ്രായോഗികമെന്ന് ബോധ്യപ്പെട്ടതിനാലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ന്യൂസ് മലയാളത്തോട്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ കേന്ദ്ര നിയമത്തിൽ സംസ്ഥാനത്തിന് ഭേദഗതി വരുത്താം എന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും വനംമന്ത്രി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
സംസ്ഥാന സർക്കാർ ആദ്യം മുതൽ ആവശ്യപ്പെട്ടത് നിലവിലുള്ള വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്നാണ്. ഇത് സംബന്ധിച്ച് നിരവധി തവണ കേന്ദ്ര മന്ത്രിയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ആ സാഹചര്യത്തിലാണ് നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയത്. അതിന് ശേഷവും കേന്ദ്ര മന്ത്രിയെ നേരിട്ടും അല്ലാതെയും കാണുകയും നിവേദനം നൽകുകയും ചെയ്തെങ്കിലും ഒരു മാറ്റവും വരുത്താൻ തയ്യാറല്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ പൊതുവായ ആവശ്യം വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ്, അതുമായി ബന്ധപ്പെട്ട മാംസങ്ങൾ സംസ്കരിക്കുന്നതിലുള്ള നിയമങ്ങൾ ഇളവ് വരുത്തുക എന്നിവയാണ്. അത് നടക്കണമെങ്കിൽ ഒരു വന്യമൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം. വനംവകുപ്പ് നിയമത്തിലെ 62ാം വകുപ്പ് പ്രകാരമാണ് അതിന് അധികാരമുള്ളത്. എന്നാൽ, ഇതിന് സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്നാണ് കേന്ദ്ര സർക്കാരും പ്രതിപക്ഷവും മറ്റും പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.