എട്ട് കെഎസ്ഇബി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ഇടുക്കി പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിന് 18 വർഷം. പെൻസ്റ്റോക്ക് പൊട്ടി വെള്ളം കുത്തിയൊഴുകിയപ്പോൾ ഏക്കർ കണക്കിന് കൃഷിയിടങ്ങളും 12 വീടുകളും റോഡുകളുമാണ് ഇല്ലാതായത്. മരിച്ച കെഎസ്ഇബി ജീവനക്കാരിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
2007 സെപ്റ്റംബറിലായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തം. പന്നിയാർ വാൽവ് ഹൗസിൽ നിന്ന് പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്ന പെൻസ്റ്റോക്ക് പൈപ്പുകളിൽ രണ്ടെണ്ണത്തിൽ ഒരെണ്ണം പൊട്ടിയാണ് വൻ ദുരന്തം ഉണ്ടായത്. പന്നിയാർ, ചെങ്കുളം, നേര്യമംഗലം പവർ ഹൗസുകളിൽ ജോലി ചെയ്തിരുന്ന എട്ടു പേർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. നരകക്കാനം സ്വദേശി ജയ്സണിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൻസ്റ്റോക്ക് പൊട്ടിയതും തുടർന്ന് ഉണ്ടായ ദുരന്തത്തിനും ദൃക്സാക്ഷിയായ കെഎസ്ഇബി ജീവനക്കാരൻ ചന്ദ്രൻ കൈമളിന് എല്ലാം ഇന്നലെ നടന്നത് പോലെ ഓർമയിലുണ്ട്.
പന്നിയാർ പെൻസ്റ്റോക്കിന്റെ ചോർച്ച വർധിച്ചതോടെ പൊന്മുടി അണക്കെട്ടിൽ നിന്നുള്ള ഇൻടേക്ക് ഷട്ടർ അടയ്ക്കാനുള്ള ശ്രമം പാളുകയായിരുന്നു. ഇൻടേക്കിനും വൈദ്യുതി നിലയത്തിനും ഇടയിലുള്ള വാൽവ് ഹൗസിലെ ബട്ടർ ഫ്ലൈ വാൽവ് അടയ്ക്കുന്നതിനായി വാൽവ് ഹൗസിൽ എത്തിയവർക്കാണ് ജീവൻ നഷ്ടമുണ്ടായത്. ആഴ്ചകൾ നീണ്ട തെരച്ചിലിനൊടുവിലാണ് പലരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരു പെൻസ്റ്റോക്ക് ദുരന്തം ഇന്ത്യയിൽ പന്നിയാറിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ല.