ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ , മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. മധ്യപ്രദേശിലെ ഡ്രഗ് കൺട്രോളറെ മാറ്റി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികൾക്കാണ് ഇതുവരെ മരിച്ചത്.
ചുമ മരുന്നായ കോൾഡ്രിഫ് കഫ് സിറപ്പിന് പിന്നാലെ റീലൈഫ് , റെസ്പിഫ്രഷ് സിറപ്പുകൾക്ക് കൂടി മധ്യപ്രദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തി. പരിശോധനയിൽ ഈ രണ്ടു മരുന്നുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. ഗുജറാത്തിലായിരുന്നു കഫ് സിറപ്പുകളുടെ നിർമ്മാണം. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ മധ്യപ്രദേശ് ഉത്തരപ്രദേശ് സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. സംസ്ഥാനങ്ങളിലെ പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ചുമ മരുന്ന് കഴിച്ച് മരണങ്ങൾ സംഭവിച്ചതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി.