രാജ്യത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ വീണ്ടും പദ്ധതിയൊരുങ്ങുന്നു. ചെറു ബാങ്കുകളെ വലിയ ബാങ്കുകളിലേക്ക് ലയിപ്പിക്കുന്നതിനാണ് നീക്കം. കേന്ദ്ര മന്ത്രി സഭയും പ്രധാന മന്ത്രിയുടെ ഓഫീസും ഇക്കാര്യം ചർച്ച ചെയ്ത് വരികയാണ്. 2027 ൽ ലയനപദ്ധതി നടപ്പാക്കാനാണ് ശ്രമം. ചെറുബാങ്കുകളെ ലയിപ്പിച്ച് ശക്തമായ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം രൂപപ്പെടുത്തുക എന്നലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ് ലയിപ്പിക്കാൻ പരിഗണിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബെറോഡ,എസ്ബിഐ എന്നിവയിൽ ലയിപ്പിക്കുന്നതാണ് ആലോചിക്കുന്നത്. ബന്ധപ്പെട്ട ബാങ്കുകളുമായി കൂടിയാലോചിച്ചാകും തീരുമാനങ്ങളുണ്ടാകുക. ബാങ്കുകൾക്കുള്ളിൽതന്നെ വ്യക്തമായ ധാരണയുണ്ടായ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
ഇന്ത്യൻ ഓവർസീസ് ബാങ്കിനെയും സെൻട്രൽ ബാങ്കിനെയും സ്വകാര്യവത്കരിക്കുന്നത് നേരത്തേ പരിഗണിച്ചിരുന്നു. എന്നാൽ സർക്കാർ പിന്നീട് അതിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ചെറുബാങ്കുകളെ സ്വകാര്യവത്കരിക്കുകയോ വലിയ ബാങ്കുകളിൽ ലയിപ്പിക്കുകയോ ചെയ്ത് പൊതുമേഖലാബാങ്കുകളെ ശക്തിപ്പെടുത്താനുള്ള നിതി ആയോഗ് നിർദേശം പരിഗണിച്ചാണ് പുതിയ ചർച്ചകൾ.
2017-2020 കാലയളവിൽ രാജ്യത്തെ പത്ത് പൊതുമോഖല ബാങ്കുകളെ നാല് പ്രധാന ബാങ്കുകളിലായി ലയിപ്പിച്ചിരുന്നു. മഹിലാ ബാങ്കും എസ്ബിഐ യുടെ ഉപബാങ്കുകളും എസ്ബിഐയിൽ ലയിച്ചു. 2017-ൽ 27 പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിച്ചിരുന്നിടത്ത് ഇപ്പോൾ 12 എണ്ണമാണ് ഉള്ളത്. പൊതു മേഖലയിൽ മൂന്നോ നാലോ വലിയ ബാങ്കുകൾ ആണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.