യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ അലി ഖാന്‍. എല്ലാ വർഷവും നടിയെ ആകർഷിക്കുന്ന ഒരിടമുണ്ട് – കേദാർനാഥ്. നാല് ചോട്ടാ ചാർ ദാം തീർഥാടന കേന്ദ്രങ്ങളില്‍ ഏറ്റവും വിദൂരം സ്ഥിതി ചെയ്യുന്ന ഇടം. ശിവാരാധനയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
തീർത്ഥാടന കേന്ദ്രം എന്നതില്‍ ഉപരിയായി കേദാർനാഥ് സാറയുടെ ഇഷ്ട സ്ഥലമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സുശാന്ത് സിങ് രജ്പുത്തിനൊപ്പം അഭിനയിച്ച നടിയുടെ അരങ്ങേറ്റ ചിത്രമായ ‘കേദാർനാഥ്’ (2018) ചിത്രീകരിച്ചത് ഇവിടെയാണ്. അതിനാലാണ്, തന്റെ കരിയറിന് തുടക്കം കുറിച്ച ഇടത്തിലേക്ക് എല്ലാ വർഷവും പ്രാർഥനകൾ അർപ്പിക്കാനായി എത്തുന്നത് സാറ പതിവാക്കിയത്.
മുന്‍പ് എന്‍ഡിടിവിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ കേദാർനാഥിനോടുള്ള പ്രണയത്തെപ്പറ്റി സാറാ അലി ഖാന്‍ പറഞ്ഞിട്ടുണ്ട്. “പല തവണ ഞാന്‍ കേദാർനാഥില്‍ പോയിട്ടുണ്ട്. എല്ലാ വർഷവും പോകണമെന്നാണ് ആഗ്രഹം. എന്നെ ഞാന്‍ ആക്കിയത് ആ സ്ഥലമാണ്. ഇവിടെ വരുന്ന ഭൂരിഭാഗം പേരും എന്റെ സിനിമ കണ്ടവരാണ്. അതുകൊണ്ട് അവർക്ക് എന്നെ അറിയാം. കേദാർനാഥിലെ ഏതെങ്കിലും ദാബയില്‍ ഇരുക്കുമ്പോള്‍ അവരെന്നെ തിരിച്ചറിയും. ചിലപ്പോള്‍ ഏതെങ്കിലും യാത്രികർ ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചെന്നുമിരിക്കും,” സാറ പറഞ്ഞു.
മനോഹരമായ സൂര്യാസ്തമയങ്ങളും ക്ഷേത്ര സന്ദർശനങ്ങളും പ്രകൃതിരമണീയമായ ഇടങ്ങളിലേക്കുള്ള ട്രെക്കിങ്ങുകളും കൊണ്ട് സമ്പന്നമായിരുന്നു സാറയുടെ ഇത്തവണത്തെ കേദാർനാഥ് ദർശനം. യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
വിസ്മയകരമായ ഈ യാത്ര സാധ്യമായതിന്റെ നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് നടി പോസ്റ്റിന് അടിക്കുറിപ്പ് എഴുതിയത്. “ജയ് ശ്രീ കേദാർ. പൂർണമായി പരിചിതമായി തോന്നുമ്പോഴും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം. നന്ദി മാത്രം. എനിക്കുള്ളതെല്ലാം തന്നതിനും എന്നെ ഞാനാക്കിയതിനും നന്ദി,” സാറ കുറിച്ചു.
ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിലാണ് കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ.
മഞ്ഞുമൂടിയ ഉയർന്ന കൊടുമുടികളാൽ ചുറ്റപ്പെട്ട വിശാലമായ ഒരു പീഠഭൂമിയുടെ മധ്യത്തിൽ നിൽക്കുന്ന കേദാർനാഥിലെ ക്ഷേത്രം അതിമനോഹരമായ കാഴ്ചയാണ് തീർഥാടകർക്ക് സമ്മാനിക്കുന്നത്. ശിവന് സമർപ്പിച്ചിരിക്കുന്ന കേദാർനാഥ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ പ്രസിദ്ധമാണ്. ഇന്ത്യയിലെ ശിവന്റെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഇവിടെയുള്ളത്. ഇതാണ് തീർത്ഥാടകരെ ഇവിടേക്ക് ആകർഷിക്കുന്നത്.



