ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നടക്കുന്ന വേണ്ട കപ്പ് 2025 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ (ഡി.എ.സി) ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുത്ത സൗഹൃദമത്സരം ശ്രദ്ധേയമായി. ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ടീമുമായാണ് മത്സരിച്ചത്. ആവേശം അലതല്ലിയ മത്സരത്തില്‍ ഡി.എ.സി പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിക്കുകയായിരുന്നു. ഇരുടീമുകളും 2 ഗോള്‍വീതം നേടിയതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങി. 3-1 എന്ന സ്‌കോറിലാണ് ഒടുവില്‍ വിജയം ഡി.എ.സിക്ക് സ്വന്തമായത്. ഡിഫറന്റ് ആര്‍ട് സെന്ററിനുവേണ്ടി ആസിഫ്, ജോമോന്‍, അഖില്‍കൃഷ്ണ, അഭിനവ്, ഗോവിന്ദ്, ആഷിഖ്, സിനു, നന്ദുമോഹന്‍, അലന്‍.എസ്, പിങ്കു എന്നിവര്‍ കളിക്കളത്തിലിറങ്ങി. ജിബ്രാള്‍ട്ടര്‍ സ്വദേശിയും ഗോകുലം കേരള അക്കാദമി ഹെഡ് കോച്ചുമായ ജോയല്‍ റിച്ചാര്‍ഡ് വില്യംസ്, കോഴിക്കോട് സ്വദേശിയായ ഷഹല്‍.പി എന്നിവരാണ് ഡി.എ.സിയിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നത്. ലഹരി പദാര്‍ത്ഥങ്ങളോട് വേണ്ട എന്ന് പറയുവാന്‍ കൗമാരക്കാരായ കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് പ്രോജക്ട് വേണ്ട നടപ്പിലാക്കുന്നത്. ടൂര്‍ണമെന്റില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇന്ന് ടൂര്‍ണമെന്റ് സമാപിക്കും.



