എൽഡിഎഫിൽ പിരിമുറുക്കമേറ്റി പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ എക്സിക്യൂട്ടീവ് യോഗം. പിഎം ശ്രീ പദ്ധതിയിൽ മുന്നണയിലുണ്ടായത് തെറ്റായ പ്രവണതയാണ്. മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും ഇപ്പോൾ പിന്നോട്ട് പോകരുത്. വിഷയത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ആശയപരവും രാഷ്ട്രീയപരവുമായ ശരിയായ തീരുമാനം സിപിഐ എടുക്കുമെന്നാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. ആലപ്പുഴയിൽ ചേർന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രതികരണം. മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് സിപിഐ വിട്ടുനിൽക്കുന്നതും പരിഗണനയിലാണ്.
അതേസമയം, പിഎം ശ്രീ പദ്ധതിക്കായുള്ള എംഒയു ഉടനടി റദ്ദാക്കേണ്ട എന്ന ധാരണയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പിഎം ശ്രീയിൽ തുടർനടപടി ഒന്നും സ്വീകരിക്കില്ലെന്ന് സിപിഐയെ ബോധ്യപ്പെടുത്തും. പിണറായി വിജയനും എം.വി. ഗോവിന്ദനും സിപിഐ നേതാക്കളെ നേരിൽ കാണാനും തീരുമാനമായിട്ടുണ്ട്. തീരുമാനം ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി നേരിട്ടറിയിക്കും. വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി-ബിനോയ് കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.



