പിഎംശ്രീ പദ്ധതിയിൽ കുരുക്കിൽപ്പെട്ട ഇടതുമുന്നണിക്ക് ഇന്ന് നിർണായകമാണ്. മന്ത്രിസഭാ യോഗത്തിൽ നിന്ന് നാല് സിപിഐ മന്ത്രിമാർ ഇന്ന് വിട്ടുനിൽക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. കണ്ണൂരിലെ പരിപാടികൾ റദ്ദാക്കിയാണ് എം.വി. ഗോവിന്ദൻ തലസ്ഥാനത്ത് എത്തുന്നത്.
രാവിലെ 10 മണിക്കായിരുന്നു മന്ത്രിസഭാ യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ സമവായ ശ്രമങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട്, യോഗം വൈകീട്ട് മൂന്നരയിലേക്ക് മാറ്റി. രാവിലെ സിപിഐ-സിപിഐഎം ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായാണ് വിവരം.
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഫോണിൽ ബന്ധപ്പെട്ടിട്ടും സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. പദ്ധതിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റൊരു സമവായവും സിപിഐ ആഗ്രഹിക്കുന്നില്ല. മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടു നിന്നാൽ ഇടത് ഐക്യം എന്തെന്ന ചോദ്യത്തിന് ഇരുപാർട്ടികളും മറുപടി പറയേണ്ടിവരും.
സിപിഐയെ അനുനയിപ്പിക്കാൻ പുതിയ സമവായ ഫോർമുലയുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം. പദ്ധതിയുടെ തുടർനടപടികൾക്ക് മന്ത്രിതല ഉപസമിതി രൂപീകരിക്കാമെന്നാണ് പാർട്ടി നിർദേശം. സമിതിയിൽ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തും. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും തുടർനടപടികൾ. പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നതടക്കം സമിതി പരിശോധിക്കുമെന്നും റിപ്പോർട്ട്.



