കരൂര്‍ ദുരന്തത്തതില്‍ മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. ചെന്നൈക്ക് സമീപമുള്ള മാമല്ലപുരത്തുള്ള റിസോര്‍ട്ടില്‍ വെച്ചാണ് കുടുംബങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. അപകടം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് കൂടിക്കാഴ്ച.
സെപ്റ്റംബര്‍ 27 ന് കരൂരിലുണ്ടായ അപകടത്തില്‍ 41 പേരാണ് മരിച്ചത്. ദാരുണമായ സംഭവത്തിലും ദുരന്തം നടന്നയുടന്‍ എത്താന്‍ സാധിക്കാത്തതിലും വിജയ് കുടുംബങ്ങളോട് ക്ഷമ ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വികാരീധനനായാണ് വിജയ് കുടുംബാങ്ങളോട് സംസാരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിജയ് ഉടന്‍ കരൂര്‍ സന്ദര്‍ശിക്കുമെന്ന് ഉറപ്പ് നല്‍കിയതായി മരിച്ചവരുടെ കുടുംബങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാങ്ങളില്‍ ഓരോരുത്തരുമായും വിജയ് സംസാരിച്ചു. എല്ലാ സഹായവും നല്‍കുമെന്ന് വിജയ് പറഞ്ഞതായും കുടുംബങ്ങള്‍ പറഞ്ഞു.
മരിച്ച 41 പേരില്‍ 37 പേരുടെ കുടുംബാംഗങ്ങളാണ് വിജയിയെ കാണാന്‍ റിസോര്‍ട്ടിലെത്തിയത്. ചിലര്‍ പ്രതിഷേധ സൂചകമായും വിട്ടു നിന്നിരുന്നു.
വൈകാരികമായിട്ടായിരുന്നു വിജയിയുടെ പ്രതികരണം. ദുരന്തം നടന്നയുടനെ എത്താന്‍ കഴിയാത്തത്തില്‍ കുറ്റബോധമുണ്ടെന്ന് വിജയ് പറഞ്ഞു. കുടുംബാംഗങ്ങളെ കണ്ടപ്പോള്‍ മാത്രമാണ് അല്‍പമെങ്കിലും ആശ്വാസമായതെന്നും അദ്ദേഹം പറഞ്ഞതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ദീപാവലിക്ക് മുമ്പ് തന്നെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം വിജയ് ധനസഹായം നല്‍കിയിരുന്നു.
കരൂര്‍ ദുരന്തത്തില്‍ സുപ്രീംകോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റാലിയിലേക്ക് എത്താന്‍ വിജയ് വൈകിയതാണ് ദുരന്തത്തിന് ആക്കം കൂട്ടിയതെന്നാണ് ഡിഎംകെയുടെ ആരോപണം. എന്നാല്‍, ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ടിവികെയും രംഗത്തെത്തിയിരുന്നു.



