കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രകൃതിചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗോത്ര വിഭാഗങ്ങൾ പ്രതിഷേധിക്കുന്നത്.
ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെയെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു കാലാവസ്ഥാ ഉച്ചകോടിയിലെ വേദിക്ക് മുന്നിൽ ഗോത്രവർഗക്കാരുടെ പ്രതിഷേധം. ഗോത്രവർഗ വേഷത്തിലെത്തിയ പ്രതിഷേധക്കാർ കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന കവാടം ഉപരോധിച്ചു. പല രാജ്യങ്ങളുടെ പ്രതിനിധികൾക്കും പ്രധാന കവാടത്തിലൂടെ വേദിയിലേക്ക് പ്രവേശിക്കാനായില്ല. കഴിഞ്ഞ ദിവസം വേദിക്ക് സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഗോത്രവർഗക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഉച്ചകോടിയിൽ ഗോത്രവർഗക്കാരുടെ പങ്കാളിത്തം കുറവാണെന്നാണ് പ്രധാന ആരോപണം.
സമ്പന്ന രാഷ്ടങ്ങളുടെ എണ്ണ പര്യവേഷണം, ആമസോൺ കാട്ടിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ, അനധികൃത മരംമുറി എന്നിവയിൽ നിന്ന് ഭൂമിയെ രക്ഷിക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ട് വയ്ക്കുന്നത്. മുണ്ടുരുക്കു തദ്ദേശീയ ഗ്രൂപ്പിലെ അംഗങ്ങളാണ് ഉപരോധത്തിന് നേതൃത്വം നൽകിയത്. വൻകിട കമ്പനികൾക്ക് വേണ്ടി ആമസോൺ കാടിനെ നശിപ്പിക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ബ്രസീലിയൻ പ്രസിഡൻ്റ് ലുലാ ഡി സിൽവയുടെ ശ്രദ്ധയിലേക്കാണ് പ്രതിഷേധമെന്നും ഗോത്രവർഗ നേതാക്കൾ പറഞ്ഞു.
ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമിതിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ, പുതിയ ദേശീയ പ്രവർത്തന പദ്ധതികളുടെ അവതരണം, കഴിഞ്ഞ കാലാവസ്ഥാ ഉച്ചകോടിയിലെ സാമ്പത്തിക പദ്ധതികളിലെ പുരോഗതി എന്നിവയിലാണ് മുപ്പതാമത് കാലാവസ്ഥാ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നവംബർ 21 വരെയാണ് ബ്രസീലിലെ ബെലെമിൽ ഉച്ചകോടി നടക്കുന്നത്.



