അനിയന്ത്രിത തിരക്ക് ശബരിമലയിൽ ദർശന സമയം നീട്ടി. ഇന്ന് 2വരെ ദർശനം അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്. പതിനെട്ടാം പടിക്ക് താഴെ തിരക്ക് അനിയന്ത്രിതം.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. പമ്പയിലെ നടപ്പന്തലും നിറഞ്ഞുകവിഞ്ഞു. നിലയ്ക്കലിൽ വൈകിട്ടോടെ 7 സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ സ്ഥാപിക്കും.
ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.


