കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന അലംഭാവം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് എടുക്കുന്നത്. അത് അടിവരയിടുന്നതാണ് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലാൻസെറ്റ് നടത്തിയ പഠനം.
കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിൽ കാണിക്കുന്ന അലംഭാവം എങ്ങനെ മനുഷ്യ ജീവനെ അപായപ്പെടുത്തുന്നു, ആരോഗ്യ സംവിധാനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ദുർബലപ്പെടുത്തുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആൻഡ് ക്ലൈമറ്റ് ചേഞ്ച് 2025 റിപ്പോർട്ടില്‍ പറയുന്നത്.
കടുത്ത ചൂട് മാനവരാശിയുടെ ജീവിതത്തേയും ഉപജീവനമാർഗങ്ങളെയും നഷ്ടപ്പെടുത്തുന്ന വിധത്തിലേക്ക് എത്തിക്കുന്നു. ഇതുമൂലം ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്നത്തെ കാലത്ത് ആരോഗ്യ മേഖലയിൽ വൻ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. കാലാവസ്ഥയെ അഭിമുഖീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കിയില്ലെങ്കിൽ ഇത് മൂലമുണ്ടാകുന്ന പ്രത്യാഘതങ്ങളും വലുതായിരിക്കും.



