യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിമര്‍ശനവുമായി സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. ട്രംപിന് മുസ്ലീങ്ങളോടൊക്കെ വെറുപ്പാണെന്നും എന്നാല്‍ ഏകാധിപതികളായ ശതകോടീശ്വരന്മാരായ മുസ്ലീങ്ങളാണെങ്കില്‍ താല്‍പ്പര്യമാണെന്നുമാണ് ബെര്‍ണി സാന്‍ഡേഴ്‌സിന്റെ വിമര്‍ശനം.
മുഹമ്മദ് ബിന്‍ സല്‍മാനും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ദ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് ബെര്‍ണി സാന്‍ഡേഴ്‌സിന്റെ എക്‌സ് പോസ്റ്റ്.
‘തന്റെ കുടുംബം കൂടുതല്‍ സമ്പന്നമാക്കാന്‍ കെല്‍പ്പുള്ള, ഏകാധിപതികളായ ശതകോടീശ്വരന്മാരൊഴികെയുള്ള മുസ്ലീങ്ങളോടൊക്കെ ട്രംപിന് വെറുപ്പാണ്,’ ബെര്‍ണി കുറിച്ചു.
ചൊവ്വാഴ്ച മുഹമ്മദ് ബിന്‍ സല്‍മാന് വാഷിംഗ്ടണില്‍ വലിയ സ്വീകരണമാണ് ട്രംപ് ഒരുക്കിയത്. കൂടിക്കാഴ്ചയുടെ ഭാഗമായി യുദ്ധവിമാനങ്ങള്‍ അടക്കമുള്ള സുരക്ഷാ ഉടമ്പടിയിലും ഒപ്പുവച്ചിട്ടുണ്ട്.
2018ല്‍ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശി യുഎസ് സന്ദര്‍ശിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിരുന്ന ഖഷോഗി സൗദി സര്‍ക്കാരിന്റെ പത്ര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമെതിരായ നയങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്ന ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് കൊല്ലപ്പെടുന്നത്.
കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കുമായി ബന്ധപ്പെട്ട് യുഎസ് മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോട് സല്‍മാനെ പ്രതിരോധിച്ച് കൊണ്ട് ട്രംപ് മറുപടി പറഞ്ഞു. ഖഷോഗി ഒരു വിവാദ പുരുഷനായിരുന്നുവെന്നും ആ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ആ കൊലപാതകം നടക്കാന്‍ പാടില്ലായിരുന്നുവെന്ന് അതേ വാര്‍ത്താസമ്മേളനത്തില്‍ സൗദി കിരീടാവകാശി പറയുകയും ചെയ്തു.



