ടൈറ്റാനിക് ദുരന്തത്തിന്‍റെ ബാക്കിപത്രമായ ഗോൾഡൻ പോക്കറ്റ് വാച്ച് ലേലത്തില്‍ പോയത് റെക്കോർഡ് തുകയായ 1.78 മില്ല്യണ്‍ പൗണ്ടിന്. ടൈറ്റാനിക്കിലെ അതിസമ്പന്ന യാത്രക്കാരിൽ ഒരാളായിരുന്ന അമേരിക്കന്‍ വ്യവസായിയും രാഷ്ട്രീയക്കാരനുമായിരുന്ന ഇസിഡോർ സ്ട്രോസിന്‍റെ 18 കാരറ്റ് സ്വർണ വാച്ചാണ് റെക്കോർഡ് തുക നേടിയത്. 113 വർഷങ്ങള്‍ക്ക് മുന്‍പ്, 1912 ഏപ്രില്‍ 14ന് മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയ ടൈറ്റാനിക്കിലെ യാത്രക്കാരായിരുന്നു ഇസിഡോറും ഭാര്യ ഇഡയും.
ടൈറ്റാനിക് ദുരന്തത്തിന് ദിവസങ്ങള്‍ക്ക് ശേഷം അറ്റ്ലാന്‍റിക് തീരത്ത് നിന്ന് കണ്ടെടുത്ത മറ്റ് വസ്തുക്കളോടൊപ്പമായിരുന്നു പോക്കറ്റ് വാച്ച് ഉണ്ടായിരുന്നത്. വാച്ചിൻ്റെ സൂചികൾ നിലച്ച നിലയിലായിരുന്നു ഇത് കണ്ടെടുത്തത്. 1888ൽ തൻ്റെ ഭർത്താവിന് ഇഡ 43ാം പിറന്നാൾ സമ്മാനമായി നൽകിയതാണ് ഈ പോക്കറ്റ് വാച്ചെന്നാണ് വിശ്വസിക്കുന്നത്. ഈ വാച്ച് പിന്നീട് തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ട് ഇസിഡോറിൻ്റെ പൗത്രൻ്റെ പക്കലെത്തുകയും, ഇത് പിന്നീട് റിപ്പയർ ചെയ്ത് സൂക്ഷിക്കുകയുമായിരുന്നു.
കപ്പൽ മുങ്ങിയ ദിവസം ഇഡ തൻ്റെ ഭർത്താവിനെ ഉപേക്ഷിച്ച് കപ്പലിൽ കയറാൻ തയ്യാറായില്ലെന്നാണ് പറയപ്പെടുന്നത്. തൻ്റെ ഭർത്താവിനൊപ്പം മരണം തെരഞ്ഞെടുക്കുകയാണ് അവർ ചെയ്തത്. എന്നാൽ ഇഡയുടെ മൃതദേഹം പിന്നീട് കണ്ടുകിട്ടിയില്ല.
കപ്പലിൽ കയറുന്നതിന് മുമ്പ് ഇഡയെഴുതി പോസ്റ്റ് ചെയ്തൊരു കത്ത് ഒരു ലക്ഷം ഡോളറിന് ലേലത്തിൽ പോയിരുന്നു. ടൈറ്റാനിക് യാത്രികരുടെ പാസഞ്ചർ ലിസ്റ്റ് അടക്കം കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ട വസ്കുക്കള്‍ ആകെ മൂന്ന് ദശലക്ഷം പൗണ്ടിനാണ് ലേലത്തില്‍ പോയത്.


