ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയും ആണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ശശി തരൂർ ബിജെപിയിലേക്ക് പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. സുനന്ദ പുഷ്കർ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവർ പോലും തരൂരിനൊപ്പം പോകില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
തരൂരിനെതിരെ നടപടി വേണമെന്ന് താൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യന് ഒരു പാർട്ടിയിൽ നിന്ന് ഒരു ജന്മം നേടിയെടുക്കാൻ പറ്റുന്നതിൻ്റെ പരമാവധി ശശി തരൂർ നേടിയെടുത്തിട്ടുണ്ട്, പിന്നെ ഇപ്പോൾ എന്താണ് അസ്വസ്ഥതയെന്നും, എന്താണ് അസംതൃപ്തിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു.
കോൺഗ്രസ് എന്നെ പുറത്താക്കിയാൽ മാത്രമേ ബിജെപിയിൽ ചേരൂവെന്ന് തരൂർ വിചാരിച്ചാൽ അത് നടക്കാൻ പോകുന്നില്ല, അദ്ദേഹത്തിൻ്റെ മനസിലിരിക്കുന്നതൊന്നും കോൺഗ്രസ് ചെയ്യാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. അദ്ദേഹം താഴത്ത് കാണുമ്പോൾ ഞങ്ങൾ മാനത്ത് കാണുമെന്നും, ഒരു രക്തസാക്ഷി പരിവേഷമൊന്നും തരൂരിന് കൊടുക്കില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.


