നീണ്ട രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം യേശുവിൻ്റെ ജന്മസ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെത്‌ലഹേം ക്രിസ്മസിന് ദീപാലംകൃതമായി. ഗാസയിൽ ഇസ്രയേൽ നടത്തിയ കൂട്ടക്കൊലയുടെ ഇരുണ്ട കാലത്തിന് അറുതിയായതോടെ, പ്രത്യാശയുടെയും അതിജീവനത്തിൻ്റെയും ക്രിസ്മസ് ആഘോഷിക്കുകയാണ് പലസ്തീൻ.
ബെത്‌ലഹേമിലെ മാൻജർ സ്ക്വയറിൽ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി ദീപം തെളിയിച്ചു. ചരിത്രപ്രസിദ്ധമായ നേറ്റിവിറ്റി പള്ളിക്ക് മുന്നിൽ പരമ്പരാഗതമായ ഭീമാകാരമായ ക്രിസ്മസ് ട്രീയിൽ വിളക്കുകൾ കത്തിച്ചുകൊണ്ടാണ് ഈ വർഷം ആഘോഷങ്ങൾ പുനരാരംഭിക്കുമെന്ന് വിശുദ്ധ നഗരം തീരുമാനമെടുത്തത്. രണ്ട് വർഷത്തിന് ശേഷം ആഘോഷിക്കുന്ന ഈ ക്രിസ്മസ് അതിജീവനത്തിൻ്റെ പ്രതീകവും, സ്വാതന്ത്ര്യത്തിൻ്റെ പ്രതീക്ഷയുമാണ്. കാഴ്ച കാണാനും സന്തോഷം പങ്കിടാനും പതിനായിരങ്ങൾ മാൻജർ സ്ക്വയറിൽ ഒത്തുകൂടുകയും, ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
എങ്കിലും, ഗാസയിലെ കനത്ത നാശനഷ്ടങ്ങളിലും കൂട്ടക്കൊലകളുടെയും ദുഃഖം ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. കൂടാതെ, ഇസ്രയേലിൻ്റെ ഉപരോധം ശക്തമായതിനെ തുടർന്ന് ബെത്‌ലഹേം നഗരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.



