പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിലെ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പ്രസിഡൻ്റ് പാട്രിസ് ടാലോൺ. രാജ്യത്തോട് വിശ്വാസ്യത പുലർത്തി ഒപ്പം നിന്ന സൈനികരെ അഭിനന്ദിക്കുന്നു. സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ ചതിക്ക് കനത്ത ശിക്ഷ നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. അട്ടിമറി ശ്രമത്തിന് നേതൃത്വം നൽകിയ സൈനികരിൽ ചിലരെ അറസ്റ്റ് ചെയ്തെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു .
കഴിഞ്ഞ ദിവസമാണ് ബെനിനില്‍ ഭരണം പിടിച്ചെടുത്തെന്ന അവകാശവാദവുമായി സൈന്യം രംഗത്ത് വന്നത്. മിലിട്ടറി കമ്മിറ്റി ഫോർ കമ്മീഷന്‍ എന്ന ഗ്രൂപ്പാണ് ഔദ്യോഗിക ടെലിവിഷനിലൂടെ പട്ടാള അട്ടിമറി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കോട്ടോനൗവിലെ നിരവധി പ്രദേശങ്ങളിൽ വെടിവയ്പ്പ് ആരംഭിച്ച് ഏകദേശം 12 മണിക്കൂറിന് ശേഷമാണ് ടാലണിന്റെ പ്രഖ്യാപനം വന്നത്.
ഈ വഞ്ചന ശിക്ഷിക്കപ്പെടാതെ പോകില്ല. ഈ അട്ടിമറി ശ്രമം രാജ്യത്തെ ജനാധിപത്യ ഭരണത്തിന് ഏറ്റവും പുതിയ ഭീഷണിയായിരുന്നുവെന്നും ടാലൺ പറഞ്ഞു. ബെനിന്റെ അയൽ രാജ്യങ്ങളായ നൈജർ, ബുർക്കിന ഫാസോ എന്നിവിടങ്ങളിലും, മാലി, ഗിനിയ, കഴിഞ്ഞ മാസം മാത്രം ഗിനി-ബിസൗ എന്നിവിടങ്ങളിലെല്ലാം സൈന്യം അധികാരം പിടിച്ചെടുത്തിരുക്കുകയാണ്.



