മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ റീപോളിങ് ഇന്ന്. മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മണ്ണഞ്ചേരി ഡിവിഷൻ, ജില്ലാ പഞ്ചായത്ത്ആര്യാട് ഡിവിഷൻ എന്നിവിടങ്ങളിലേക്കാണ് റീപോളിങ്. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ബിഎസ്പി സ്ഥാനാർഥിയായ ശൈലജ എസ്. പൂഞ്ഞിലിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇവിടെ വോട്ടെടുപ്പിനായി പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു
ശൈലജയുടെ പേരിന് നേരെയുള്ള ബട്ടൺ പ്രവർത്തിച്ചിരുന്നില്ല. ഈ ബട്ടൻ വോട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ അൺമാസ്ക് ചെയ്യാത്തത് ആണ് കാരണം. 1077 വോട്ടുകളിൽ 621എണ്ണം ചെയ്ത ശേഷമാണ് പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്. ഉച്ചയോടെ വോട്ടർമാരാണ് ഇക്കാര്യം സ്ഥാനാർഥിയെ അറിയിച്ചത്. പിന്നാലെ റീപോളിങ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുകയായിരുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് റീപോളിങ്.
ചൂണ്ടുവിരലിൽ പുരട്ടിയ മഷികൊണ്ടുള്ള അടയാളം ഇപ്പോഴും ഉള്ളത് പരിഗണിച്ച് വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിൽ മഷി കൊണ്ട് അടയാളം രേഖപ്പെടുത്തും. റീപോളിങ്ങിനാവശ്യമായ രണ്ട് സെറ്റ് ഇല്‌ക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് കലവൂർ സ്കൂളിൽ നടന്നു. റീപോളിങ് നടക്കുന്നതിനാൽ ഇന്ന് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അവധി പ്രഖ്യാപിച്ചു.



