മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ ഫൺ ഫാമിലി എന്റർടെയ്‌നർ ആണ് ‘ഹൃദയപൂർവം’. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിരുന്നു. സിനിമയിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോംബോ ചിരിപടർത്തിയപ്പോൾ നായിക മാളവിക മോഹനനും കയ്യടികൾ ലഭിച്ചു. 70 കോടി രൂപയോളമാണ് ആഗോള തലത്തിൽ സിനിമ കളക്ട് ചെയ്തത്. ഇപ്പോഴിതാ ‘ഹൃദയപൂർവ’ത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഈ സിനിമയിലേക്ക് തന്നെ വിളിച്ചത് അഖിൽ സത്യൻ ആണെന്ന് മാളവിക മോഹനൻ വീഡിയോയിൽ പറയുന്നു. സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമയിൽ അഭിനയിക്കുക എന്നത് സ്വപ്നതുല്യമായിരുന്നു എന്നും നടി കൂട്ടിച്ചേർക്കുന്നു. “ഹൃദയപൂർവത്തിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് അഖിൽ സത്യൻ ആണ്. അച്ഛൻ, സത്യൻ സാർ, ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞു. പിന്നെയാണ് അതൊരു മോഹൻലാൽ-സത്യൻ അന്തിക്കാട് സിനിമയാണെന്ന് മനസിലാക്കുന്നത്. വളരെ സപ്പോർട്ടീവായ കോ ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹം നമ്മളെ കംഫർട്ടിബിൾ ആക്കും. നമ്മൾ എവിടെയെങ്കിലും സ്റ്റക്ക് ആയി പോയാൽ സഹായിക്കും. അദ്ദേഹത്തിന്റെ നർമ ബോധം അപാരമാണ്,” മാളവിക പറയുന്നു. സെറ്റിലേക്ക് എത്തുന്ന മാളവിക പേര് പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ, “ഞാൻ മോഹൻലാൽ” എന്ന നടന്റെ മറുപടി ബിടിഎസിൽ ചിരിപടർത്തുന്നു.



