മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു. പി.എം. മാത്യു കടുത്തുരുത്തി മുൻ എംഎൽഎ ആയിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കേരള കോൺഗ്രസ് (എം) പ്രതിനിധിയായി ഒമ്പതാം കേരള നിയമസഭയിൽ (1991-1996) അദ്ദേഹം കടുത്തുരുത്തിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലെ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ, കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയർമാൻ, റബ്ബർ മാർക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്സ് കോൺഗ്രസ്, യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
പി.ജെ. മാത്യുവിന്റെ മകനായി 1950 സെപ്റ്റംബർ 30നാണ് അദ്ദേഹം ജനിച്ചത്. നിയമബിരുദധാരിയായ അദ്ദേഹം ഒരു അഭിഭാഷകൻ കൂടിയായിരുന്നു. കുസുമം മാത്യുവാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.



