അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം അടുത്ത മാസം ആറിന്. ദൗത്യത്തിന്റെ ഭാഗമായ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ബഹിരാകാശയാത്രികര്‍ സഞ്ചരിക്കാനൊരുങ്ങുന്ന ഓറിയോണ്‍ പേടകവും ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റും.
1972 ഡിസംബര്‍ 19-നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ ദൗത്യം. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് ചന്ദ്രനിലേക്കുള്ള ആര്‍ട്ടെമിസ് ടു ദൗത്യം. ഈ ദൗത്യത്തില്‍ ബഹിരാകാശസഞ്ചാരികള്‍ ചന്ദ്രനില്‍ കാലുകുത്തില്ലെങ്കിലും ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തും. 10 ദിവസത്തെ ദൗത്യത്തില്‍ നാല് ബഹിരാകാശ യാത്രികര്‍ 4700 മൈല്‍ ദൂരം സഞ്ചരിക്കും.റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കൊച്, ജെര്‍മി ഹാന്‍സെന്‍ എന്നിവരാണ് ആര്‍ട്ടെമിസ് 2-വിലെ സഞ്ചാരികള്‍. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ബഹിരാകാശയാത്രികര്‍ സഞ്ചരിക്കുന്ന ഓറിയോണ്‍ പേടകം വിക്ഷേപിക്കുന്നത്. പേടകവും റോക്കറ്റും ഇന്ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റും. ചന്ദ്രനെ വലയം ചെയ്തതിനുശേഷം നാലു ദിവസം നീളുന്ന യാത്രയ്ക്കൊടുവിലാണ് ഭൂമിയിലെത്തുക. ദൗത്യത്തിന് മുന്നോടിയായി 2022 നവംബര്‍ പതിനാറിന് ആളില്ലാത്ത ആര്‍ട്ടെമിസ് 1 ദൗത്യം നാസ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.


