ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ പരിമിതമായ ഓപ്ഷനുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. എങ്കിലും, ഇന്ത്യയിലെ ഏറ്റവും ഡിമാൻഡുള്ള വാഹന സെഗ്‌മെന്റുകളിൽ ഒന്നാണിത്. റോഡ് സാന്നിധ്യം, ശക്തമായ എഞ്ചിനുകൾ, സുഖകരമായ യാത്രാനുഭവം, സവിശേഷതകൾ നിറഞ്ഞ ക്യാബിൻ എന്നിവ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ പലപ്പോഴും ഈ ഫുൾ-സൈസ് എസ്‌യുവികളെയാണ് ഇഷ്ടപ്പെടുന്നത്.
ഈ വിഭാഗത്തിലെ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ടൊയോട്ട ഫോർച്യൂണർ എപ്പോഴും ആധിപത്യം പുലർത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം, അതായത് 2025 ജൂണിൽ, ടൊയോട്ട ഫോർച്യൂണർ ഫുൾ-സൈസ് എസ്‌യുവി സെഗ്‌മെന്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ചു. ഈ കാലയളവിൽ ടൊയോട്ട ഫോർച്യൂണർ ആകെ 2,743 യൂണിറ്റ് എസ്‌യുവികൾ വിറ്റഴിച്ചു. ഇതനുസരിച്ച് മൂന്ന് ശതമാനമായിരുന്നു ടൊയോട്ട ഫോർച്യൂണറിന്‍റെ വാർഷിക വളർച്ച. കൃത്യം ഒരുവർഷം മുമ്പ്, അതായത് 2024 ജൂണിൽ, ഈ കണക്ക് 2,675 യൂണിറ്റായിരുന്നു.
ഈ വിൽപ്പന പട്ടികയിൽ സ്കോഡ കൊഡിയാക്ക് രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ സ്കോഡ കൊഡിയാക്ക് 130 യൂണിറ്റ് എസ്‌യുവികൾ മാത്രമാണ് വിറ്റത്. കഴിഞ്ഞ മാസം കൊഡിയാക്കിന്റെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ അഞ്ച് ശതമാനം ഇടിവ് ഉണ്ടായി. ഒരു വർഷം മുമ്പ്, അതായത് 2024 ജൂണിൽ, ഈ കണക്ക് 137 യൂണിറ്റായിരുന്നു. ജീപ്പ് മെറിഡിയൻ ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു. ജീപ്പ് മെറിഡിയൻ കഴിഞ്ഞ മാസം ആകെ 107 യൂണിറ്റ് എസ്‌യുവികൾ വിറ്റഴിച്ചു. 65 ശതമാനം വാർഷിക വളർച്ച ജീപ്പ് മെറിഡയൻ സ്വന്തമാക്കി.
അതേസമയം ഈ വിൽപ്പന പട്ടികയിൽ എംജി ഗ്ലോസ്റ്റർ നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മാസം എംജി ഗ്ലോസ്റ്ററിന് 34 ഉപഭോക്താക്കളെ മാത്രമേ ലഭിച്ചുള്ളൂ. ഈ കാലയളവിൽ എംജി ഗ്ലോസ്റ്ററിന്റെ വിൽപ്പന 74 ശതമാനം കുറഞ്ഞു. 2024 ജൂണിൽ, എംജി ഗ്ലോസ്റ്ററിന് ആകെ 132 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഈ വിൽപ്പന പട്ടികയിൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ അഞ്ചാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മാസം ഫോക്‌സ്‌വാഗൺ ടിഗ്വാന് അഞ്ച് ഉപഭോക്താക്കളെ മാത്രമേ ലഭിച്ചുള്ളൂ. ഈ കാലയളവിൽ, ഫോക്‌സ്‌വാഗൺ ടിഗ്വാന്റെ വിൽപ്പനയിൽ 94 ശതമാനം വാർഷിക ഇടിവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ടൊയോട്ട ഫോർച്യൂണറിനെക്കുറിച്ച് പറയുകയാണെങ്കിൽ ജൂണിൽ 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനത്തോടെ ഫോർച്യൂണർ നിയോ ഡ്രൈവ് ടൊയോട്ട അവതരിപ്പിച്ചിരുന്നു. ടൊയോട്ടയുടെ ബ്രാൻഡ് മൂല്യത്തോടൊപ്പം തെളിയിക്കപ്പെട്ട വിശ്വാസ്യതയും ഫോർച്യൂണർ എസ്‌യുവിയുടെ സ്ഥിരതയുള്ള വിൽപ്പനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്.