കേരളത്തെ കണ്ണീരിലാഴ്ത്തിയ ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ കുന്നോളം സങ്കടം ഉളളിലൊതുക്കി അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. അവരില്‍ ഒരാളാണ് നൗഫല്‍. ഭാര്യയും മക്കളും മാതാപിതാക്കളുമടക്കം 11 പേരെയാണ് ഉരുള്‍പൊട്ടലില്‍ നൗഫലിന് നഷ്ടമായത്. തന്റെ കുടുംബം ആഗ്രഹിച്ച പോലെ നൗഫല്‍ ഒരു ഹോട്ടല്‍ തുടങ്ങി. അവരുടെ ഓര്‍മക്കായി ജൂലൈ 30 എന്നാണ് ഹോട്ടലിന് പേരിട്ടിരിക്കുന്നത്.
നൗഫലിനും ഇഷ്ടമായിരുന്നു ഭാര്യയും കുടുംബവും ആഗഹിച്ചപോലെ നാട്ടില്‍ ഒരു കട തുടങ്ങാന്‍. അതുകൊണ്ടുതന്നെ പ്രവാസ ജീവിതത്തില്‍ നാടും വീടും തന്നെയായിരുന്നു മനസ്സില്‍. പക്ഷേ ജൂലൈ 30ന് ചൂരല്‍ മലയിലെ മഹാദുരന്തം എല്ലാം ഇല്ലാതാക്കി.
ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെ 11 പേരെയാണ് നൗഫലിന് നഷ്ടമായത്. നെഞ്ച് തകര്‍ന്ന് നൗഫല്‍ തിരിച്ചെത്തി. മുണ്ടക്കൈ ജുമാ മസ്ജിദിനു സമീപമായിരുന്നു നൗഫലിന്റെ വീട്, എന്നാല്‍ വീടിരുന്ന സ്ഥലത്തു അങ്ങനെയൊരു അടയാളം പോലും അവശേഷിച്ചിരുന്നില്ല. ഉറ്റവരും ഉടയവരും നഷ്ടപെട്ട നൗഫലിനെ കൂട്ടുകാരും നാടും ചേര്‍ത്തു പിടിച്ചു.
പ്രിയപ്പെട്ടവരെ ആ മണ്ണില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് തിരികെ പോകാന്‍ നൗഫലിന് കഴിഞ്ഞില്ല. ആ മണ്ണില്‍ പിടിച്ചുനില്‍ക്കാനുള്ള ആഗ്രഹമായിരുന്നു. ഭാര്യയുടെ സ്വപ്നമായ ഹോട്ടല്‍ തുടങ്ങുക എന്നത്.
കേരള നദ്വത്തുല്‍ മുജാഹിദീന്‍ നൗഫലിന്റെ ആഗ്രഹത്തിന് തണലായി. അങ്ങനെ മേപ്പാടിയില്‍ ഒരു ഹോട്ടല്‍ തുടങ്ങി. ഹോട്ടലിന് നൗഫല്‍ ഒരൊറ്റ പേര് മാത്രമാണ് മനസ്സില്‍ കണ്ടത്, ജൂലൈ 30 തന്റെ ഉറ്റവരെ നഷ്ടമായ ദിവസം.
ഉറ്റവരെക്കുറിച്ചുള്ള ഓര്‍മകളുമായി, നൗഫല്‍ അതിജീവന പാതയിലാണ്. മേപ്പാടിയിലെത്തുന്നവര്‍ ഇവിടെയൊന്ന് കയറണം. നൗഫലിനെ കണ്ട് ചായ കുടിച്ച് ഈ കുഞ്ഞ് കച്ചവടത്തിനൊരു പിന്തുണ കൊടുത്ത് മടങ്ങാം.