സംസ്ഥാനത്ത് സ്‌കൂളുകളിൽ ഇന്ന് മുതൽ പുത്തൻ മെനു. വിദ്യാർഥികൾക്കായുള്ള പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ ആരംഭിക്കും. ഇതുപ്രകാരം ആഴ്ചയിൽ ഒരിക്കൽ വെജ് ബിരിയാണിയും ഫ്രൈഡ് റൈസും വിദ്യാർഥികൾക്ക് ലഭിക്കും.
ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്കാണ് പുതിയ മെനു പ്രകാരം ഭക്ഷണം ലഭിക്കുക.കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ആഴ്ചയിൽ ഒരിക്കൽ വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്,കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. മാസത്തിലെ 20 ദിവസത്തെ ഭക്ഷണ മെനുവാണ് സ്കൂളുകൾക്ക് നൽകിയിരിക്കുന്നത്. സ്പോൺസർമാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, സ്കൂളുകളിലെ വേനലവധി മെയ്, ജൂൺ മാസങ്ങളിലേക്ക് മാറ്റുന്നതിന് അഭിപ്രായം തേടിയ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് അധിക പിന്തുണ ലഭിച്ചു. ഫേസ് ബുക്കിൽ പങ്കു വച്ച പോസ്റ്റിലാണ് പൊതുജനങ്ങൾ അഭിപ്രായം പങ്കുവെച്ചത്.
ഇതുപ്രകാരം ജൂലൈ ഒന്നിന് സ്കൂൾ തുടങ്ങണമെന്നും ആശയമുണ്ട്. വേനൽ മാസങ്ങളിൽ ക്ലാസുകൾ സജ്ജമാക്കുന്നത് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം പൊതുജനാഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ഉചിത നടപടികളിലേക്ക് കടക്കാനാണ് മന്ത്രിയുടെ തീരുമാനം.