എല്ലായിടവും തിരുവോണ സദ്യക്കുള്ള ഒരുക്കങ്ങളായി കാണും. എന്നാൽ ആറന്മുളയിലെ ചില കുടുംബങ്ങളിലെ തലമുതിർന്ന ആളുകൾ ജലപാനം ഇല്ലാതെ ഉണ്ണാവൃതം അനുഷ്ഠിക്കുകയാണ്. എന്താണ് ഉണ്ണാവൃതം എന്നും അതിനു പിന്നിലെ വിശ്വാസം എന്താണെന്നും നോക്കാം.തിരുവോണ നാളിൽ പാവപ്പെട്ടവർക്ക് നെല്ല് നൽകിയിരുന്നത് കൃഷിഭൂമിയെല്ലാം കൈവശം വച്ചിരുന്ന കാരാഴ്മ കുടുംബങ്ങൾ ആയിരുന്നു. അങ്ങനെ ഒരു തിരുവോണനാളിൽ നെല്ല് വാങ്ങാൻ എത്തിയ സ്ത്രീ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മരിച്ചു കിടന്നു, നങ്ങേലി.
ഇതിനുശേഷം കുടുംബത്തിൽ വന്നുചേർന്ന അനിഷ്ട സംഭവങ്ങളെല്ലാം നങ്ങേലിയുടെ മരണം മൂലമാണെന്ന് അവർ വിശ്വസിച്ചു. ആറന്മുള ക്ഷേത്രത്തിലെ കാരാഴ്മ കൈസ്ഥാനികളായ മൂന്ന് കുടുംബങ്ങളിലെ ഏറ്റവും മുതിർന്ന ആളുകൾ നൂറ്റാണ്ടുകളായി തിരുവോണ സദ്യ ഉണ്ണാറില്ല. തിരുവോണ ദിവസം ജലപാനം പോലുമില്ലാതെ ഉണ്ണാവൃതം അനുഷ്ഠിക്കുകയാണ് ഇവർ.ആറന്മുളയിലെ തെക്കേടത്ത്, കുത്തേടത്ത്, ചെറുകര എന്നിവയാണ് ഇല്ലങ്ങൾ. തിരുവോണ നാളിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അത്താഴപൂജ കഴിയും വരെ ഇവർ ജലപാനം കഴിക്കാറില്ല. അത്താഴ പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും എത്തിക്കുന്ന നേദ്യം കഴിച്ചാണ് വൃതം അവസാനിപ്പിക്കുക.
എന്തെങ്കിലും കാരണത്താൽ ഉണ്ണാവൃതം മുടങ്ങിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. കാലവും ആചാരങ്ങളും മാറിയെങ്കിലും ആറന്മുളയിലെ ഈ കുടുംബങ്ങൾ എന്നും ഉണ്ണാവൃതം മുടക്കാറില്ല.