തീരുവ യുദ്ധത്തിൽ അനിശ്ചിതത്വത്തിലായ ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച ഇന്ന് പുനരാരംഭിക്കും. ആറാം ഘട്ട ചർച്ചകൾക്കായി അമേരിക്കൻ മധ്യസ്ഥ സംഘം ഡൽഹിയിലെത്തി. അധിക തീരുവ പിൻവലിക്കണമെന്ന നിർദേശം ഇന്ത്യ മുന്നോട്ടുവെക്കും. ചർച്ചകളിൽ പുരോഗതി ഉണ്ടെങ്കിൽ മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ അടക്കം ഉടൻ തീരുമാനമാകും.
ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകുന്നു എന്നത് ശുഭസൂചനയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ പറഞ്ഞു. “ഇന്ത്യ ചർച്ചയിലേക്ക് വരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ വളരെ അനുരഞ്ജനപരവും ക്രിയാത്മകവുമായ ഒരു ട്വീറ്റ് ചെയ്തിരുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അതിന് ഉചിതമായ മറുപടിയും നൽകി. ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് നമുക്ക് കാണാം,” പീറ്റർ നവാരോ സിഎൻബിസിയോട് പറഞ്ഞു.
വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും യുഎസും ചർച്ചകൾ തുടരുകയാണെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നു. “എൻ്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രണ്ട് രാജ്യങ്ങൾക്കും വിജയകരമായ ഒരു നിഗമനത്തിലെത്തുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.