പുതിയ പാര്‍ട്ടികള്‍ സഖ്യത്തിലേക്ക് എത്തിയതാണ് ബിഹാറില്‍ പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ട്വന്റിഫോറിനോട്. സീറ്റ് ധാരണ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നും, ബിച്വാഡയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പ് ബിഹാറിന് മാത്രമല്ല, രാത്രത്തിന് മുഴുവനും നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയതലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാകും. സഖ്യത്തില്‍ ചില പുതിയ പാര്‍ട്ടികള്‍ എത്തിയിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ ഇത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സീറ്റ് പങ്കിടല്‍ കൃത്യമായി നടക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സീറ്റ് ധാരണം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ ആറ് സീറ്റുകളിലാണ് ഞങ്ങളുടെ പാര്‍ട്ടി മത്സരിച്ചത്. അധികം സീറ്റുകള്‍ക്ക് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിന്റെ ചരിത്രത്തില്‍ സമരങ്ങളുടെയും ബഹുജന പ്രക്ഷോഭങ്ങളുടെയും സമ്പന്നമായ ഒരു ചരിത്രമും ഞങ്ങളുടെ പാര്‍ട്ടിക്കുണ്ട്. സംസ്ഥാനത്തുടനീളം ഞങ്ങളുടെ സാന്നിധ്യവുമുണ്ട്. ഇത് എല്ലാവര്‍ക്കുമില്ല. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടികള്‍ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വേഗത്തില്‍ തന്നെയുണ്ടാകുമെന്നും കരുതുന്നു – അദ്ദേഹം പറഞ്ഞു.
താരതമ്യേന ചെറിയ, ഇടത് പാര്‍ട്ടികള്‍ ക്കെതിരെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസിനോടും ആര്‍ജെഡിയോടും താന്‍ അഭ്യര്‍ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബിച്വാഡയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. പരസ്പരം മത്സരിക്കുന്നത് കോണ്‍ഗ്രസിനും മഹാസഖ്യത്തിനും നല്ലതല്ല. കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കണം. പ്രതിസന്ധിക്ക് ആരെയും കുറ്റപ്പെടുത്തുന്നില്ല. രാഹുല്‍ ഗാന്ധിയോ മല്ലിക അര്‍ജുന്‍ ഗാര്‍ഗെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവിന്റെ പേര് ചോദ്യം ചെയ്തിട്ടില്ല. മഹാസഖ്യത്തിന്റെ മുഖമാണ് തേജസ്വി യാദവ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എന്‍ഡിഎയിലാണ് തര്‍ക്കം. നിതീഷ് കുമാറിനെ അംഗീകരിക്കാന്‍ അമിത് ഷാ തയ്യാറല്ല. നിതീഷ് കുമാറിന്റെ പിന്തുണയിലാണ് അവര്‍ കേന്ദ്രം ഭരിക്കുന്നത് – അദ്ദേഹം പറഞ്ഞു.