ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് പിടിച്ചെടുത്ത രേഖകൾ.
സ്വർണ്ണക്കൊള്ളയില്‍ തൊണ്ടി മുതലും കണ്ടെത്തിയതോടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതീവ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊള്ളയുടെ ഗൂഢാലോചനയിലേക്കാണ് ഇനി അന്വേഷണം. റിമാൻഡിലുള്ള മുരാരി ബാബുവിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷ ഉടൻ കോടതിയിൽ സമർപ്പിക്കും. 2019ലെ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, കമ്മീഷണർ എൻ. വാസു, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരെയും ചോദ്യം ചെയ്യും. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ തെളിവെടുപ്പിനു ശേഷം തിരിച്ചെത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.



