ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആഹ്വാനത്തിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി മരണം. 18 പേര്‍ കൊല്ലപ്പെട്ടതായാണ് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹമാസ് നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ നടപടി. ഗാസയില്‍ ശക്തമായ തിരിച്ചടി നടത്താനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നല്‍കിയ ഉത്തരവ്. തെക്കന്‍ റഫയില്‍ വെടിവയ്പ്പിനിടെ ഒരു ഇസ്രായേലി സൈനികന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നെതന്യാഹു ‘ശക്തമായ’ ആക്രമണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആഹ്വാനത്തിനു പിന്നാലെ ഗാസയിലുടനീളം ഇസ്രേയല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 18 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടപ്പാക്കിയ ഇസ്രയേല്‍-ഹമാസ് സമാധാനക്കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായത്.
ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രയേല്‍ 125 ഓളം ലംഘനങ്ങള്‍ നടത്തിയെന്ന് ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ 94 പേരാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം മാത്രം ഗാസയില്‍ കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് വ്യക്തമാക്കിയ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് മൃതദേഹം കൈമാറ്റം ചെയ്യുന്നത് മാറ്റിവെച്ചു. ഇസ്രയേലിന്റ ആക്രമണം മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചലിനേയും വീണ്ടെടുക്കലിനേയും തടസ്സപ്പെടുത്തുമന്നും ഇത് മൃതദേഹം കൈമാറ്റം ചെയ്യുന്നതില്‍ കാലതാമസമുണ്ടാക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.



