മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാ ചടങ്ങുകള്‍ നടന്നു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒപ്പം മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ആശിർവാദ് സിനിമാസ് ആണ് നിർമിക്കുന്നത്.
പൂജാ ചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് മോഹന്‍ലാലിന് തിരക്കഥ കൈമാറി. സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചത് സുചിത്ര മോഹന്‍ലാല്‍ ആണ്. സഹോദരന്‍ പ്രണവ് ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോഷിയെയും ആരാധകർക്ക് മോഹന്‍ലാല്‍ പരിചയപ്പെടുത്തി.
“ആറാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ബെസ്റ്റ് ആക്ടർ ആകുന്നത്. അപ്പുവും (പ്രണവ് മോഹന്‍ലാല്‍) ആറാം ക്ലാസില്‍ ബെസ്റ്റ് ആക്ടർ ആയി. അതേ സ്കൂളില്‍ പഠിച്ചിരുന്ന മായയും (വിസ്മയ) നാടകത്തില്‍ ഒക്കെ അഭിനയിച്ച് മികച്ച നടിയായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ച ആളല്ല. അത് കാലത്തിന്റെ നിശ്ചയമായിരുന്നു. നിങ്ങളൊക്കെയാണ് എന്നെ സിനിമാ നടനാക്കിയതും ഇത്രയും നാളും, 48 കൊല്ലമായി, കൊണ്ടുപോകുന്നതും. ഞാന്‍ എന്റെ മകള്‍ക്ക് വിസ്മയ എന്നാണ് പേരിട്ടത്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് എല്ലാം വിസ്മയമായാണ് ഞാന്‍ കാണുന്നത്. ഒരു ദിവസം അഭിനയിക്കണം എന്ന് മായ (വിസ്മയ) ആഗ്രഹം പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. നമുക്ക് അതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പ്രൊഡക്ഷന്‍ കമ്പനിയുണ്ട്, ആന്റണി പെരുമ്പാവൂർ ഉണ്ട്,വലിയ സപ്പോർട്ട് ഉണ്ട്. നല്ല ഒരു സബ്ജക്ട് കിട്ടി. ‘തുടക്കം’ എന്നാണ് അതിന്റെ പേര്…എത്ര നല്ല അഭിനേതാവാണെങ്കിലും അയാള്‍ക്ക് നല്ല സബ്ജക്ട് കിട്ടണം, പ്ലാറ്റ്‌ഫോം ഉണ്ടാകണം, സഹതാരങ്ങള്‍ ഉണ്ടാകണം…ഈ കുട്ടിക്കും അത്തരമൊരു ഭാഗ്യമുണ്ടാകട്ടെ. അതുപോലെ തന്നെയാണ് അപ്പുവിന്റെ കാര്യവും. അപ്പുവിന്റെ ഒരു പടം ഇന്ന് റിലീസ് ആണ്. അവർ രണ്ട് പേരെയും അഭിനന്ദിക്കുന്നു…,” മോഹന്‍ലാല്‍ പറഞ്ഞു.
ആശിർവാദ് സിനിമാസിന്റെ 25ാം വാർഷികത്തിലാണ് വിസ്മയ മോഹൻലാലിന്റെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചത്. ‘2018’ ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം. എഴുത്തിലും ചിത്രരചനയിലും യാത്രകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിസ്മയയുടെ പുതിയ തുടക്കത്തെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. സിനിമയിൽ അതിഥി വേഷത്തില്‍ മോഹൻലാൽ എത്തുമെന്നും സൂചനയുണ്ട്.



