ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ വിജയം. രാഘോപൂരിൽ പല തവണ പിന്നിലായിട്ടും ഒടുവിൽ തിരിച്ചുവരവ് നടത്തിയാണ് തേജസ്വി സീറ്റ് നേടിയത്. 14,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആർജെഡി നേതാവിൻ്റെ വിജയം.
ബിജെപി സ്ഥാനാര്‍ഥി സതീഷ് കുമാറിനെ 14,532 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തേജസ്വി പരാജയപ്പെടുത്തിയത്. 1,18,597 വോട്ടുകളാണ് തേജസ്വി ആകെ നേടിയത്. സതീഷ് കുമാർ നേടിയതാകട്ടെ 1,04,065 വോട്ടുകളും. ഇത് മൂന്നാം തവണയാണ് തേജസ്വി മണ്ഡലത്തിൽ വിജയം നേടുന്നത്. മുന്‍പ് പിതാവ് ലാലു പ്രസാദും മാതാവ് റാബ്രി ദേവിയും മത്സരിച്ച് മുഖ്യമന്ത്രിമാരായതും ഇതേ മണ്ഡലത്തില്‍ നിന്നാണ്.
അതേസമയം, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരിയായിരുന്നു എൻഡിഎയുടെ വിജയത്തേരോട്ടം. 243ൽ 200ലേറെ സീറ്റ് നേടിയാണ് എൻഡിഎ ചരിത്രവിജയം കൈവരിച്ചത്. മത്സരിച്ച 101ൽ 90ലേറെ സീറ്റ് ബിജെപി നേടി. നാൽപ്പതോളം സീറ്റ് വർധിപ്പിച്ച് ജെഡിയു വൻ കുതിച്ചുചാട്ടം നടത്തി. എന്നാൽ ആർജെഡി നയിക്കുന്ന മഹാസഖ്യം തകർന്നടിഞ്ഞു. അതിദയനീയമായിരുന്നു കോൺഗ്രസിൻ്റെ പ്രകടനം.
മഹാസഖ്യത്തിനൊപ്പം നിന്ന ഇടതുകക്ഷികൾക്കും തോൽവിയാണ് ബിഹാർ സമ്മാനിച്ചത്. കഴിഞ്ഞ തവണ 12 സീറ്റുണ്ടായിരുന്ന സിപിഐഎംഎല്ലിന് രണ്ട് സീറ്റാണ് ലഭിച്ചത്. രണ്ട് സീറ്റുണ്ടായിരുന്ന സിപിഐഎമ്മിന് ഒറ്റ സീറ്റാണ് വിജയിക്കാനായത്. ഒരുകാലത്ത് ബിഹാറിലെ ഒന്നാം നമ്പർ കമ്മ്യൂണിസ്റ്റ് കക്ഷിയായിരുന്ന സിപിഐ സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഇടത് കോട്ടകൾ പിടിച്ചെടുത്തത് ബിജെപിയും ജെഡിയുവും ശക്തി കാണിച്ചു.



